അപകടകാരിയാണ് ന്യൂമോണിയ; കാരണങ്ങൾ, തരങ്ങൾ ലക്ഷണങ്ങൾ, രോഗ നിർണയം, ചികിത്സകൾ, പ്രതിരോധം എന്നിവയെ കുറിച്ച് മനസിലാക്കാം

google news
Vx

chungath new advt

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയെ തുടർന്നുണ്ടാകുന്ന ഗുരുതര രോഗമാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷമാണുക്കളാണ് രോഗത്തിന് കാരണമാകുന്നത്. ന്യൂമോണിയ ബാധിതർ ചുമക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം പുറത്തു വരുന്ന രോഗാണുക്കൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുകയും ഇത് ശ്വാസകോശത്തിലെത്തുകയും ചെയ്യും.

ഇത് ശ്വാസകോശത്തിലെ വായു അറകളിലേക്ക് എത്തുന്നതിനെ തുടർന്നാണ് അണുബാധ ഉണ്ടാകുന്നത്. ഇത് മൂലം കുമിളകൾ പോലെ കാണപ്പെടുന്ന ഈ അറകൾക്ക് നാശം സംഭവിക്കുകയും ഇവിടെ പഴുപ്പ് കലർന്ന ദ്രാവകങ്ങൾ നിറയുകയും ചെയ്യും. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയാനും ശ്വാസതടസം പോലുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. എത്രയും വേഗം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.
 

വിവിധ തരം ന്യൂമോണിയ

      
 ന്യുമോണിയയെ പ്രധാനമായും കമ്മ്യൂണിറ്റി അക്വയേർഡ്, ഹോസ്പിറ്റൽ അക്വയേർഡ് എന്നിങ്ങനെ തരം തിരിക്കാം. ആശുപത്രികളിൽ നിന്നോ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ ചികിത്സ തേടുമ്പോഴും മറ്റുമുണ്ടാകുന്ന അണുബാധയാണ് ഹോസ്പിറ്റൽ അക്വയേർഡ് ന്യൂമോണിയക്ക് കാരണം. അതേസമയം ആശുപത്രിക്ക് പുറത്തു നിന്ന് അതായത് വീടും പരിസരവും ഉൾപ്പെടെയുള്ള സമൂഹത്തിൽ നിന്നാണ് കമ്മ്യൂണിറ്റി അക്വയേർഡ് ന്യുമോണിയ ബധിക്കുന്നത്. ഇതിനു പുറമേ രോഗം ബാധിക്കുന്ന ഭാഗം, രോഗകാരിയായ സൂക്ഷ്മാണു എന്നിവയുടെ അടിസ്ഥാനത്തിലും പല തരത്തിൽ വർഗീകരിക്കാറുണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെല്ലാം രോഗകാരികൾ ആണെങ്കിലും ഗുരുതരമായ ഭൂരിഭാഗം ന്യുമോണിയ രോഗത്തിനും കാരണം ബാക്ടീരിയയാണ്. അതേസമയം തന്നെ ഇൻഫ്ലുവൻസ, കോവിഡ് സി.എ.ബി പോലുള്ള വൈറസുകളും ഗുരുതരമായ ന്യുമോണിയക്ക് കാരണമാകുന്നുണ്ട്.
 
 രോഗ ലക്ഷണങ്ങൾ എന്തൊക്കെ?
      
  •  ചുമ, പനി, വിറയൽ, അമിതമായ വിയർപ്പ്, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയെല്ലാമാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങൾ. അതേസമയം രോഗ ബാധിതരുടെ പ്രായം, ആരോഗ്യസ്ഥിതി, അണുബാധയ്ക്ക് കാരണമാകുന്ന രോഗാണുവിന്റെ തരം എന്നിവയുടെ അടിസ്ഥാനത്തിൽ ലക്ഷണങ്ങളും തീവ്രതയും വ്യത്യസ്തമായിട്ടായിരിക്കും അനുഭവപ്പെടുക.
    
  •  രോഗാണു ശരീരത്തോട് എങ്ങനെ പ്രതികരിക്കുന്നു എനതിനനുസരിച്ച് ഓരോരുത്തരിലും വ്യത്യസ്ത തരത്തിലാകും ന്യൂമോണിയയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നത്. മൃദുവായ ലക്ഷണങ്ങൾ മുതൽ മൂർച്ഛിക്കുന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടത് വരെയുള്ള രോഗലക്ഷണങ്ങളാകും കാണുക.
 
  • കുട്ടികളിൽ ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ചിലപ്പോൾ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. നവജാത ശിശുക്കളിലും കുഞ്ഞുങ്ങളിലും പൊതുവെ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. അതേസമയം ചിലരിൽ ക്ഷീണിതരായി കാണാനും ഒരു പക്ഷേ ചുമ, പനി തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
 
  • മുതിർന്നവരിലും രോഗപ്രതിരോധ ശേഷിയുള്ളവരിലും ഗുരുതരമായ രോഗ ലക്ഷണങ്ങൾ കുറവായിരിക്കാം. എന്നാൽ പ്രായമായവരിൽ ചിലപ്പോൾ പെട്ടെന്നുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾക്ക് ന്യൂമോണിയ കാരണമായേക്കാം. നേരത്തെ മുതൽ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങൾ ഉള്ളവരിൽ ലക്ഷണങ്ങൾ വഷളാകാനുള്ള സാധ്യതകളുമുണ്ട്.
 
രോഗനിർണയം എങ്ങനെ?
     
 ഓരോരുത്തരിലും രോഗ ലക്ഷണങ്ങൾ വ്യത്യസ്തമായതിനാലും ഇത് ജലദോഷം, ഇൻഫ്ലുവൻസ എന്നിവക്ക് സമാനമായതിനാലും രോഗ നിർണയം ചിലപ്പോൾ വെല്ലുവിളി നിറഞ്ഞതാകാം. രോഗ ചരിത്രം മനസിലാക്കിയ ശേഷം നെഞ്ചിന്റെ എക്സ്റേ ഉപയോഗിച്ചുള്ള റേഡിയോളജിക്കൽ പരിശോധന നടത്തിയാണ് രോഗം കണ്ടെത്തുന്നത്.
 
സീ റിയാക്ടീവ് പ്രോട്ടീൻ (സി.ആർ.പി) ഉൾപ്പെടെയുള്ള രക്തപരിശോധനകൾ നടത്തുന്നത് വഴി ന്യൂമോണിയയുടെ തീവ്രത വിലയിരുത്താൻ കഴിയും. പി.സി.ആർ ടെക്നിക്കിന്റെ സഹായത്തോടെ രക്തം, കഫം എന്നിവ കൾച്ചർ ചെയ്യുന്നതിലൂടെയാണ് രോഗകാരിയെ കണ്ടെത്തുന്നത്. ചില രോഗികളിൽ ചികിത്സയോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇവർക്ക് സി.ടി തൊറാക്സിക് പരിശോധന ആവശ്യമായി വന്നേക്കാം. ബ്രോങ്കോസ്കോപ്പിയുടെ സഹായത്തോടെയാണ് മൈക്രോ ബയോളജി സാംപിളുകൾ സ്വീകരിക്കുന്നത്.
 
അതതേസമയം രോഗിക്ക് പ്ലൂറൽ എഫ്യൂഷൻ പോലുള്ള സങ്കീർണതകൾ ഉണ്ടായാൽ അത് ആസ്പിറേഷൻ വഴിയോ ശസ്ത്രക്രിയയിലൂടെയോ നീക്കം ചെയ്യേണ്ടതാണ്.
 
ന്യൂമോണിയ ചികിത്സ എങ്ങനെ?
      
 ഏത് തരത്തിലുള്ള അണുബാധയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നിശ്ചയിക്കുന്നത്. കമ്മ്യൂണിറ്റി അക്വയേർഡ് ന്യൂമോണിയയാണെങ്കിൽ രോഗത്തിന്റെ തീവ്രത അനുസരിച്ചാണ് ചികിത്സിക്കുക. അതായത് രോഗിയുടെ നില അനുസരിച്ച് ഔട്ട് പേഷ്യന്റ് ആയി ചികിത്സിക്കണോ അതോ അഡ്മിറ്റ് ചെയ്യണോ എന്ന് തീരുമാനിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ അണുബാധയുടെ തീവ്രതയനുസരിച്ചാകും വാർഡിലോ ഐ.സി.യുവിലോ പ്രവേശിപ്പിക്കണമോ എന്ന് നിശ്ചയിക്കുക.
 
അണുബാധക്ക് അനുസരിച്ചാണ് ഏതൊക്കെ ആൻറിബയോട്ടിക്കുകളും ആൻറിവൈറൽ മരുന്നുകളും നൽകണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുക. രോഗകാരിയെ കണ്ടെത്താൻ കാലതാമസമെടുക്കും എന്നതിനാൽ ശരീരത്തിന് അനുയോജ്യമായ സാധാരണ ആൻറിബയോട്ടിക്കുകൾ (എംപീരിയൽ ആൻറിബയോട്ടിക്സ്) ഉപയോഗിച്ചാണ് ചികിത്സിക്കുക. പിന്നീട് രോഗകാരിയെ തിരിച്ചറിഞ്ഞ ശേഷം തക്കതായ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചാകും തുടർ ചികിത്സകൾ.
 
ചില രോഗികളിൽ ആൻറിബയോട്ടിക്കുകൾക്ക് പുറമെ ഓക്സിജൻ തെറാപ്പി, നോൺ ഇൻവേസിവ് അല്ലെങ്കിൽ ഇൻവേസിവ് വെന്റിലേഷൻ, മറ്റ് സപ്പോർട്ടീവ് ചികിത്സകൾ എന്നിവയെല്ലാം ആവശ്യമായി വന്നേക്കാം. നല്ല ഭക്ഷണം കഴിക്കുന്നതും നന്നായി വെള്ളം കുടിക്കുന്നതും മതിയായ വിശ്രമം എടുക്കുന്നതും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
 
ന്യൂമോണിയയെ പ്രതിരോധിക്കാം
     
 ന്യൂമോണിയയെ പ്രതിരോധിക്കുന്നതിനായി ഇന്ന് വാക്സിനുകൾ ലഭ്യമാണ്. കുട്ടികളിലും മുതിർന്നവരിലും ന്യൂമോണിയ തടയുന്നതിനായിഇൻഫ്ലുവൻസ വാക്സിൻ, ന്യൂമോകോക്കൽ വാക്സിൻ എന്നീ രണ്ട് അംഗീകൃത വാക്സിനുകളാണ് ഉള്ളത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള രോഗികൾ വാക്സിൻ സ്വീകരിക്കുന്നത് നല്ലതാണ്.
 
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലൂടെ ന്യൂമോണിയയെ പ്രതിരോധിക്കാൻ കഴിയും. ഇതിനായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം യോജിച്ച പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കാവുന്നതാണ്.
 
ന്യൂമോണിയയെ പ്രതിരോധിക്കാൻ ഏറ്റവും അത്യാവശ്യമായ മറ്റൊരു കാര്യമാണ് ശുചിത്വം പാലിക്കുക എന്നത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നത് മൂലം നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും.
 
ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക, പുകവലി നിർത്തുക, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി വ്യായാമം നിർബന്ധമാക്കുക തുടങ്ങിയ കാര്യങ്ങളും പതിവാക്കുന്നത് നല്ലതാണ്.
 
തയ്യാറാക്കിയത്: ഡോ. മധു കെ, (പൾമണോളജി വിഭാഗം ഡയറക്ടർ, ആസ്റ്റർ മിംസ് ക്ലസ്റ്റർ) 
 
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു