മനുഷ്യനിൽ പന്നിയുടെ ഹൃദയം വച്ചു:ചരിത്രവിജയം കൈവരിച്ച് യുഎസ്

operation
വാഷിങ്ടണ്‍ ഡി.സി: വൈദ്യശാസ്ത്രരംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വിജയകരമായി മാറ്റിവെച്ചു.ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡേവിഡ് ബെന്നറ്റ് എന്ന 57കാരനായ രോഗിയില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്.യു.എസിലെ മേരിലാന്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.ഡേവിഡ് ബെന്നറ്റിന്‍റെ ആരോഗ്യനില ഏറെ മോശമായതിനാല്‍ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. തുടര്‍ന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയാറായത്. 

ബെന്നറ്റിന്‍റെ ഹൃദയശസ്ത്രക്രിയ പരീക്ഷണത്തിന് ഉപയോഗിച്ച പന്നിയില്‍ 10 ജനിതകമാറ്റങ്ങളാണ് ഡോക്ടര്‍മാര്‍ വരുത്തിയത്. മനുഷ്യശരീരം പന്നിയുടെ ഹൃദയത്തെ പുറന്തള്ളുന്നതിന് കാരണമാകുന്ന മൂന്ന് ജീനുകളെ എഡിറ്റ് ചെയ്തു മാറ്റി. ആറ് മനുഷ്യജീനുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തു. പന്നിയുടെ ഹൃദയപേശികളുടെ അമിതവളര്‍ച്ച തടയുന്നതിനും ജീന്‍ എഡിറ്റിങ് നടത്തി. തുടര്‍ന്നാണ് വിജയകരമായി മനുഷ്യനിലേക്ക് മാറ്റിവെച്ചത്.

ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ നിര്‍ണായകമാകും ഈ സംഭവമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.ശസ്ത്രക്രിയക്ക് ശേഷം വെന്‍റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. നിലവില്‍ ഇ.സി.എം.ഒ മെഷീന്‍റെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്ബുചെയ്യുന്നത്. ഇത് പതുക്കെ പൂര്‍ണമായും ഒഴിവാക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

'മരിക്കുക അല്ലെങ്കില്‍ ഈയൊരു അവയവമാറ്റത്തിന് തയാറാവുക, ഈ രണ്ട് സാഹചര്യങ്ങള്‍ മാത്രമേ മുമ്ബിലുള്ളൂ. ഇരുട്ടിലേക്ക് നോക്കിയുള്ള വെടിയാണ് ഇതെന്ന് എനിക്കറിയാം. എന്നാല്‍, ഇത് മാത്രമാണ് അവസാന പ്രതീക്ഷ' -ശസ്ത്രക്രിയക്ക് മുമ്ബായി ഡേവിഡ് ബെന്നറ്റ് പറഞ്ഞു. ഒരു വര്‍ഷം പ്രായമുള്ള, ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ബെന്നറ്റില്‍ വെച്ചുപിടിപ്പിച്ചത്.ആരോഗ്യരംഗത്ത് ഏറെ നിര്‍ണായകമായ ശസ്ത്രക്രിയയാണ് നടന്നതെന്നും അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ ഈ നേട്ടം വന്‍ കുതിച്ചുചാട്ടമാകുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്ലി ഗ്രിഫിത് പറഞ്ഞു.

ഭാവിയിലെ രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഈ ശസ്ത്രക്രിയാ വിജയം നിര്‍ണായകമായി മാറുമെന്ന് മേരിലാന്‍ഡ് യൂണിവേഴ്സിറ്റി കാര്‍ഡിയാക് ക്സെനോട്രാന്‍സ്പ്ലാന്‍റേഷന്‍ പ്രോഗ്രാമിന്‍റെ സഹസ്ഥാപകനായ ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണത്തിന്‍റെ ഫലമായാണ് ഈ ശസ്ത്രക്രിയ. പന്നിയുടെ ഹൃദയം ബബൂണ്‍ കുരങ്ങുകളില്‍ വെച്ചുപിടിപ്പിച്ചുള്ള പരീക്ഷണം നേരത്തെ വിജയകരമായിരുന്നു. ഒമ്ബത് മാസത്തിലേറെ പന്നിയുടെ ഹൃദയം ബബൂണില്‍ പ്രവര്‍ത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറില്‍ പന്നിയുടെ വൃക്ക ആദ്യമായി മനുഷ്യശരീരത്തില്‍ പരീക്ഷിച്ചിരുന്നു. യു.എസിലെ ന്യൂയോര്‍ക് സര്‍വകലാശാലയുടെ ലാംഗോണ്‍ ഹെല്‍ത്തിലെ ഡോക്ടര്‍മാരാണ് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയത്. മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയിലാണ് അന്ന് വൃക്കമാറ്റിവെക്കല്‍ പരീക്ഷണം നടത്തിയത്. രക്തപര്യയന വ്യവസ്ഥയുമായി കൂട്ടിച്ചേര്‍ത്തെങ്കിലും രോഗിയുടെ ശരീരത്തിന് പുറത്തായാണ് മൂന്ന് ദിവസം വൃക്ക സൂക്ഷിച്ചത്.