ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ എന്തൊക്കെ ശ്രദ്ധിക്കണം

heart health

 മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ ആരോഗ്യം എത്രമാത്രം പ്രധാനമാണെന്ന് നമുക്കേവര്‍ക്കും അറിയാം. എന്നാല്‍ പോയ വര്‍ഷങ്ങളിലായി ലോകമെമ്പാടും തന്നെ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് കാണാനാകുന്നത്. പ്രധാനമായും അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ് ഇതിന് കാരണമാകുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാം.

ആവശ്യത്തിന് വെള്ളം കുടിക്കുക. ഒന്നിച്ച് കുടിക്കുന്നതിന് പകരം ഇടവിട്ട് കുടിച്ച് ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുക. വെള്ളത്തിന് പുറമെ കരിക്കിന്‍ വെള്ളം, നാരങ്ങാവെള്ളം, വിവിധ സ്മൂത്തികള്‍, വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ജ്യൂസുകള്‍ എല്ലാം കഴിക്കാം. മധുരവും ഉപ്പും വളരെ കുറവായോ അല്ലെങ്കില്‍ ഉപയോഗിക്കാതിരിക്കുകയോ ആവാം. ഇതാണ് ആരോഗ്യകരമായ രീതി.ഭക്ഷണത്തില്‍ ആരോഗ്യകരമായ തെരഞ്ഞെടുപ്പുകള്‍ നടത്തുകയെന്നതാണ് ആദ്യപടി. ധാന്യങ്ങള്‍, ഒമേഗ-3 സമ്പുഷ്മായ ഭക്ഷണം (കറുത്ത കസകസ, ഫ്‌ളാക്‌സ് സീഡ്‌സ്), ഇലക്കറികള്‍ (ഹൃദയത്തിന് അവശ്യം വേണ്ടുന്ന വിറ്റാമിന്‍-കെ അടക്കമുള്ള വിറ്റാമിനുകള്‍-ധാതുക്കള്‍ എന്നിവ അടങ്ങിയത്), ഔഷധഗുണമുള്ള സസ്യങ്ങള്‍, ഒലിവ് ഓയില്‍, മസ്റ്റാര്‍ഡ് ഓയില്‍ ( ഈ രണ്ട് തരം എണ്ണയിലും ആരോഗ്യകരമായ കൊഴുപ്പുണ്ട്, ഇത് ഹൃദയത്തിന് വളരെ നല്ലതാണ്), നട്ട്‌സ്, സീഡ്‌സ് എന്നിവയെല്ലാം ഹൃദയത്തിന് വളരെ നല്ലതാണ്. മിതമായ രീതിയില്‍ ഇവയെല്ലാം ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ഹൃദയാരോഗ്യത്തിന് ശാരീരികാധ്വാനം നിര്‍ബന്ധമായും ആവശ്യമാണ്. മിക്കവാറും ഓഫീസ് ജോലികള്‍ ചെയ്യുന്നവരിലാണ് ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പെട്ടെന്ന് പിടിപെടാറ്. ഇത് ശാരീരികാധ്വാനത്തിന്റെ കുറവ് മൂലം സംഭവിക്കുന്നതാണ്. അതിനാല്‍ വ്യായാമം ഒരു ശീലമാക്കുക. ആഴ്ചയില്‍ 15- മുതല്‍ 300 മിനുറ്റ് വരെ വ്യായാമം അല്ലെങ്കില്‍ ശാരീരികാധ്വാനം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദേശം.മാനസികസമ്മര്‍ദ്ദങ്ങള്‍ തീര്‍ത്തും ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ജീവിക്കാനാകില്ല. എങ്കിലും മാനസികസമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും കൈകാര്യം ചെയ്യാനും, മനസിനെ ആശ്വാസത്തിലേക്കും സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കാനും എപ്പോഴും സ്വയം കരുതലെടുക്കേണ്ടതുണ്ട്. കാരണം ഹൃദ്രോഗം അടക്കം ഇന്ന് മനുഷ്യര്‍ നേരിടുന്ന എണ്ണമറ്റ അസുഖങ്ങളുടെ കാരണങ്ങളിലൊന്നായി വര്‍ത്തിക്കുന്ന വിഷയമാണ് മാനസികസമ്മര്‍ദ്ദം.ഹൃദ്രോഗങ്ങളിലേക്ക്, പ്രത്യേകിച്ച് ഹൃദയാഘാതം പോലുള്ള പ്രശ്‌നഭരിതമായ അവസ്ഥയിലേക്ക് മനുഷ്യരെ നയിക്കുന്നതിനുള്ള സുപ്രധാന കാരണമാണ് രക്തസമ്മര്‍ദ്ദം അഥവാ ബിപി (ബ്ലഡ് പ്രഷര്‍). രക്തസമ്മര്‍ദ്ദമുള്ളവര്‍ പ്രത്യേകം ഇടവേളകളില്‍ ഇതിന്റെ തോത് പരിശോധിച്ച് ഉറപ്പുവരുത്തുക. ചികിത്സ ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും ചികിത്സ തേടുക.