ഇന്ത്യൻ മാധ്യമപ്രവർത്തകനെ ജയിലിൽ ഇട്ടത് മനുഷ്യാവകാശ ലംഘനം; ആരോഗ്യം അപകടത്തിലെന്ന് യുഎൻ

rupesh kumar singh
മാധ്യമപ്രവർത്തകൻ രൂപേഷ് കുമാർ സിംഗിനെതിരെ ചുമത്തിയിരിക്കുന്നത് തെറ്റായ കുറ്റമാണെന്ന് യുഎൻ മനുഷ്യാവകാശ സംരക്ഷകരുടെ പ്രത്യേക റിപ്പോർട്ടർ മേരി ലോലർ വ്യാഴാഴ്ച വ്യക്തമാക്കി. രൂപേഷ് കുമാർ സിംഗ് നടത്തിയ മനുഷ്യാവകാശ ഇടപെടലുകളുടെ പ്രതികാരമായാണ് അദ്ദേഹത്തെ ജയിലിൽ അടച്ചെതെന്നാണ് യുഎൻ കണ്ടെത്തൽ. അതേസമയം ജയിലിൽ കഴിയുന്ന സിംഗിന്റെ ആരോഗ്യം അപകടത്തിലായേക്കാമെന്നും ലോലർ പറഞ്ഞു.

മാവോയിസ്റ്റുകൾക്ക് ഫണ്ട് ഒരുക്കിയെന്നാരോപിച്ചാണ് ജാർഖണ്ഡ് പോലീസ് സ്വതന്ത്ര മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തിരുന്നത്. വ്യാവസായിക വായു മലിനീകരണം ജാർഖണ്ഡ് ഗ്രാമങ്ങളിലെ നിവാസികളിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് സിംഗ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു ത്രെഡ് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.

വ്യാഴാഴ്ച, മനുഷ്യാവകാശ സംരക്ഷകരെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഒക്ടോബർ 26 ന് ഇന്ത്യൻ സർക്കാരിന് എഴുതിയ കത്ത് പരസ്യമാക്കി. 

''രൂപേഷ് കുമാർ സിംഗ് തന്റെ നിയമാനുസൃതമായ മനുഷ്യാവകാശ പ്രവർത്തനം നടത്തിയതിന് പ്രതികാരമായി ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട്. ഇത് തെറ്റാണ്" ലോലർ എഴുതി. "മിസ്റ്റർ സിംഗിന്റെ ആരോഗ്യനിലയെക്കുറിച്ച് ഞങ്ങൾ കൂടുതൽ ആശങ്ക പ്രകടിപ്പിക്കുന്നു. അത് ഉറക്കക്കുറവും പകർച്ചവ്യാധികളുള്ള തടവുകാരുമായുള്ള അടുത്ത സാമീപ്യവും മൂലം വഷളാകാം."

രൂപേഷ് കുമാർ സിംഗ് കടുത്ത വേദനയും കാലുകളിലെ ഞരമ്പുകളിലെ ആയാസവും അനുഭവിക്കുന്നുണ്ടെന്നും ഇത് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ടെന്നും യുഎൻ മനുഷ്യാവകാശ ഉദ്യോഗസ്ഥൻ പറഞ്ഞു. സിംഗ് കഴിക്കുന്ന മരുന്നിന് വേണ്ടത്ര ഉറക്കം ആവശ്യമായതിനാൽ സമ്മർദപൂരിതമായ സാഹചര്യങ്ങളിൽ അയാളുടെ സിരയിൽ കംപ്രഷൻ ഉണ്ടാക്കാം" കത്തിൽ പറയുന്നു.

കഴിഞ്ഞ വർഷം മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് പോലീസ് ഒമ്പത് മണിക്കൂറിലധികം അവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നതായി സിംഗിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു. തിരച്ചിലിനിടെ ഇയാളുടെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, ഒരു ഹാർഡ് ഡ്രൈവ്, മറ്റ് സ്വകാര്യ വസ്തുക്കൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

പെഗാസസ് ഹാക്കിംഗ് സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ സർക്കാർ വിവരം ചോർത്തിയതായി പുറത്തുവന്ന 40 ഇന്ത്യൻ മാധ്യമ പ്രവർത്തകരിൽ ഒരാളാണ് രൂപേഷ് കുമാർ സിംഗ്. ഇസ്രായേലി കമ്പനിയായ പെഗാസസ് സൈബർ നിരീക്ഷണത്തിലൂടെ വിവിധ സർക്കാരുകൾക്ക് അതാത് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ വിവരങ്ങൾ ചോർത്തി നൽകിയതായുള്ള റിപ്പോർട്ടുകൾ രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.