യുഎൻ മനുഷ്യാവകാശ സംരക്ഷണത്തിന്റെ മേധാവിയായി വോൾക്കർ ടർക്ക് ചുമതലയേൽക്കുമ്പോൾ

volker turk
മനുഷ്യാവകാശ ലംഘനങ്ങൾ ഏറെ നടക്കുന്ന ലോകത്ത് പ്രതീക്ഷ നൽകുന്നത് മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തെത്തിക്കുന്ന ഏജൻസികളാണ്. മനുഷ്യരുടെ അവകാശത്തിന് അതിർ വരമ്പുകളില്ലാതെ നിൽക്കുന്ന ഇത്തരം ഏജസികളിൽ പുതിയ മുഖങ്ങൾ എത്തുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. അത്തരം പ്രതീക്ഷ നിർഭരമായ നിമിഷമാണ് വോൾക്കർ ടർക്കിനെ ആഗോള മനുഷ്യാവകാശ മേധാവിയായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അംഗീകരിച്ച നിമിഷത്തെ ലോകം വാഴ്ത്തുന്നത്. 

ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ജനറൽ അസംബ്ലിയാണ് ഓസ്ട്രിയക്കാരൻ  വോൾക്കർ ടർക്കിനെ ആഗോള മനുഷ്യാവകാശ മേധാവിയായി തീരുമാനിച്ചത്. അന്റോണിയോ ഗുട്ടെറസ് ഇതിനെ അംഗീകരിക്കുകയായിരുന്നു. 2018 മുതൽ 2022 വരെ യുഎൻ മനുഷ്യാവകാശ കമ്മീഷണറുടെ (OHCHR) സ്ഥാനത്തിരുന്ന ചിലിയൻ വംശജ  വെറോണിക്ക മിഷേൽ ബാഷെലെറ്റ് ജെറിയക്ക് പകരക്കാരനായയാണ് വോൾക്കർ എത്തുക. 

നിലവിൽ പോളിസി അസിസ്റ്റന്റ് സെക്രട്ടറി ജനറലായി സേവനമനുഷ്ഠിക്കുകയായിരുന്നു വോൾക്കർ ടർക്ക്. മുമ്പ്, യുഎൻ അഭയാർത്ഥികളുടെ സംരക്ഷണത്തിനായി അസിസ്റ്റന്റ് ഹൈക്കമ്മീഷണറായി ജനീവയിലെ യുഎൻ അഭയാർത്ഥി ഏജൻസി (UNHCR) യിൽ വോൾക്കർ ടർക്ക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഗോളതലത്തിൽ മനുഷ്യാവകാശ മുന്നേറ്റത്തിൽ ദീർഘവും വിജയകരവുമായ കരിയർ ആയിരുന്നു അദ്ദേഹത്തിന്റേത്.

മലേഷ്യ, കൊസോവോ, ബോസ്നിയ ഹെർസഗോവിന, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കുവൈറ്റ് എന്നിവിടങ്ങളിൽ യുഎൻ അഭയാർത്ഥി ഏജൻസിയിൽ വോൾക്കർ സേവനമനുഷ്ഠിച്ചു. 

മനുഷ്യത്വത്തിനെതിരായി ചൈന ഉയ്ഗൂർ ജനതയ്‌ക്കെതിരെയും മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് നേരെയും കുറ്റകൃത്യങ്ങളും വംശഹത്യയും, ആൾക്കൂട്ട കൊലപാതകവും നടത്തുന്നു എന്ന വിവാദ റിപ്പോർട്ടായിരിക്കും അദ്ദേഹത്തിന്റെ അടിയന്തര വെല്ലുവിളി.