അവർക്കും പഠിക്കേണ്ടേ

differently abled

കോവിഡ് മൂലം സ്‌കൂളുകളും കോളേജുകളും അടക്കേണ്ടി വരികയും ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമാകുകയും ചെയ്തതോടെയാണ് നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ ഡിവൈഡ് എന്ന ഒരു സാമൂഹിക പ്രശനം വെളിച്ചത്തുവന്നത്. വ്യവസ്ഥാപരമായ അവഗണനയുടെ അനന്തരഫലമെന്നോണം നിരാലംബരായ വിദ്യാര്‍ത്ഥികളും ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളും തഴയപ്പെടുന്ന കാഴ്ചയും നമുക്ക് കാണാനായി. വിദ്യാഭ്യാസ രംഗത്ത് വര്‍ഗ- ജാതി- ലിംഗ അസമത്വം കൂടാതെ ശാരീരിക വെല്ലുവിളികളും നേരിടുന്ന ഒരു വിഭാഗത്തിന്റെ ഇടയിലേക്കാണ് സാങ്കേതിക വിദ്യ പുതിയ ഒരു ചോദ്യചിഹ്നമായി കടന്ന് വന്നത്.  ഈ വേളയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം പ്രതീക്ഷിച്ച പോലെ നടക്കുന്നുണ്ടോ

ഓൺലൈൻ ക്ലാസ്സ് 'വളരെ ഫലപ്രദം' എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല കാരണം സാധാരണ കുട്ടികളെ പോലെ അല്ല ഭിന്ന ശേഷിയുള്ള കുട്ടികളുടെ പഠനം എന്ന് എല്ലാവർക്കുമറിയാം. അത് സ്വായത്തമാക്കാനും അതിൻറെ മുന്നിൽ ഇരിക്കാനും ഉള്ള ക്ഷമ വളരെ കുറവാണ്. കുട്ടികൾ വെറുതെ ഇരിക്കാതിരിക്കാൻ വേണ്ടി രക്ഷിതാക്കൾ ഒരു മോഡൽ കണ്ടു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്‌. ഇത് ഒരു പരിധിവരെ ഫലപ്രദം ആകുന്നുണ്ട്. ഒരു  സാധാരണ കുട്ടിയും ഭിന്നശേഷിയുള്ള കുട്ടിയും ഉണ്ടെങ്കിൽ സാധാരണ കുട്ടിക്കാണ് പരിഗണന കൂടുതൽ കിട്ടുന്നത്. ആളുകൾ സാധാരണ കുട്ടികൾക്ക് വേണ്ടി മൊബൈൽ ഫോൺ ടിവി എന്നിവ വാങ്ങുന്നുണ്ട്, ചില ഇടങ്ങളിൽ സന്നദ്ധ സംഘടനകളിൽ നിന്നും സ്‌പോൺസർഷിപ്പ് ലഭിക്കുന്നു. സങ്കടകരമായ കാര്യമെന്തെന്ന് വച്ചാൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ അവസ്ഥ ആരും അന്വേഷിക്കാറില്ല , അവർക്ക് പഠനത്തിനായുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കാൻ ആരും തന്നെ തയാറാകുന്നുമില്ല.

students

ഭിന്നശേഷി കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ നമുക്ക് രണ്ടായി തരംതിരിക്കാം. ഒന്നാമതായി വൈകല്യത്തിന്റെ തോതനുസരിച്ച് അവരുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ട് . ഇത് അവർ ജീവിതകാലം മുഴുവൻ നേരിടേണ്ട ഒന്നാണ്. ഇതിൽ ചിലതൊക്കെ സപ്പോർട്ടീവ് ഡിവൈസ് കൊണ്ടോ നിരന്തര പരിശീലനം കൊണ്ടോ മെച്ചപ്പെടുത്തുവാനും സാധിക്കും. രണ്ടാമതായി പഠന പ്രവർത്തനങ്ങളിൽ അവർ നേരിടുന്ന ബുദ്ധിമുട്ട്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ബൗദ്ധിക വികാസം വ്യത്യസ്ത രീതിയിലുള്ളതാണ്. ഒരു ആശയം കുട്ടികളിൽ എത്തിക്കുവാൻ തന്നെ വളരെ സമയമെടുക്കും, കൂടാതെ കഥകളിലൂടെയും ,ചിത്രങ്ങളിലൂടെയും നിറം നൽകിയും ഒക്കെയാണ് അധ്യാപകർ അവരുടെ ശ്രദ്ധയെ ആകർഷിക്കുന്നത്. ഈ ശ്രദ്ധ പല ഭിന്നശേഷി കുട്ടികൾക്കും 3 മിനിറ്റ് മുതൽ 10 മിനിറ്റ് വരെയെ നിലനിൽക്കാറുള്ളു. സ്കൂളിൽ സ്ഥിരമായി വരുന്ന ഭിന്നശേഷി കുട്ടികളെ റിസോഴ്സ് അധ്യാപകർ പാഠഭാഗങ്ങൾ അനുരൂപീകരണം നടത്തി പഠിപ്പിച്ച് നോട്ടുബുക്കിൽ എഴുതാൻ സഹായിക്കുകയും ചെയ്യും. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഇത് സാധിക്കാതെ വരുന്നത് കുട്ടികളുടെ പഠന പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ ഭിന്നശേഷി കുട്ടികൾ ഇപ്പോൾ കൂട്ടിലടച്ച കിളികളെ പോലെ ആയി. തികച്ചും കൂട്ടുകാരിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥയായി. ഈ അടച്ചിടൽ കുട്ടികൾക്ക് പലവിധത്തിലുള്ള മാനസിക സംഘർഷം ഉണ്ടാകാൻ ഇടയാകുന്നു. ഇത് മൂലം അവരിൽ ചിലർക്കെങ്കിലും വലിയതോതിലുള്ള പെരുമാറ്റ വൈകല്യങ്ങൾ രൂപപ്പെട്ടു കാണാൻ സാധ്യതയുണ്ട്. ക്ലാസിൽ അധ്യാപകരുടെ വ്യക്തിഗത ഇടപെടൽ കുട്ടിയെ കൂടുതൽ പഠനപ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുവാൻ അല്ലെങ്കിൽ ആകർഷിക്കാൻ അവസരമൊരുക്കുന്നുണ്ട്.

ക്ലാസ് റൂമിൽ എല്ലാ പ്രവർത്തനങ്ങളിലും മറ്റുള്ളവരോടൊപ്പം എത്തിപ്പെടാൻ കഴിയില്ലെങ്കിലും, ഗ്രൂപ് പ്രവർത്തനങ്ങളുടെ പങ്കാളിത്തം ഇവർക്ക് ഏറെ സന്തോഷം നൽകുന്നു. എന്നാൽ ഓൺലൈൻ ക്ലാസുകളിലൂടെ ഇത്തരം അനുഭവങ്ങൾ കുട്ടിക്ക് നഷ്ടമാകുന്നു. കുട്ടിക്ക് ഗ്രഹിക്കുവാൻ പ്രയാസമുള്ള മേഖലകൾ അധ്യാപകരുടെ നിരന്തര ഇടപെടലുകളിലൂടെ സാധ്യമാകുന്നതും ക്ലാസ്സ് റൂമിലെ പഠനത്തിൻറെ പ്രത്യേകതയാണ്. സ്കൂളിലെത്തുമ്പോൾ സഹപാഠികളുമായി ഇടപെടുമ്പോൾ, അവരുടെ സഹായവും കരുതലും ലഭിക്കുമ്പോൾ, അധ്യാപകരിൽ നിന്ന് പ്രോത്സാഹനജനകമായ വാക്കുകളും അഭിനന്ദനങ്ങളും ലഭിക്കുമ്പോൾ ഒക്കെ തന്നെ ഇത്തരം കുട്ടികൾ കൂടുതൽ പ്രവർത്തനിരതരാകുന്നു.അതുകൊണ്ടുതന്നെ ഓൺലൈൻ പഠനം ഇത്തരത്തിൽ ബിന്നശേഷി നേരിടുന്ന കുട്ടികൾക്ക് വളരെ പ്രയാസകരമായ ഒന്നാണ്. മറ്റുള്ള കുട്ടികളിൽ നിന്നും മാറി വളരെയധികം പരിഗണന ലഭിക്കേണ്ട ഒരു വിഭാഗമാണ് ഇക്കൂട്ടർ. തീർച്ചയായും അവരുടെ വിദ്യാഭ്യാസ അവകാശത്തിന് നമ്മൾ കൂടെ നിൽക്കേണ്ടതാണ്.