പായൽ ശല്യം കാരണം പൊറുതിമുട്ടി മത്സ്യത്തൊഴിലാളികൾ; ജീവിതം ദുരിതത്തിൽ

african payal
പായൽ ശല്യം കാരണം പൊറുതിമുട്ടുകയാണ് വൈപ്പിനിലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​. കുളവാഴ എന്നറിയപ്പെടുന്ന ആഫ്രിക്കൻ പായൽ പുഴകളിൽ നിന്ന് തോടുകളിലേക്ക് എത്തിയതോടെയാണ് വൈപ്പിനിലെ തോടുകളിൽ നിന്ന് മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്നവർ ബുദ്ധിമുട്ടിലായത്. തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ അവസ്ഥയിലാണ് പായൽ ശല്യം കൂടി എത്തുന്നത്. ഇതോടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതായിരിക്കുന്നത്. 

സമാനമായ പായൽ ശല്യം കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു, അന്ന് ഇതേത്തുടർന്ന് മാ​സ​ങ്ങ​ളോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​നം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ മ​ഴ​ക്കാ​ലം മാ​റി വെ​യി​ല്‍ ശ​ക്ത​മാ​വു​ക​യും വെ​ള്ള​ത്തി​ല്‍ ഉ​പ്പു​ര​സം വ​ര്‍ധി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ പാ​യ​ല്‍ ഉ​ണ​ങ്ങി ന​ശി​ക്കു​ക​യു​മാ​ണ് പ​തി​വ്. എ​ന്നാ​ല്‍, ഈ വർഷം ഇ​ട​ക്കി​ടെ മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ വെ​ള്ള​ത്തി​ലെ ഉപ്പിന്റെ അം​ശം കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. 

പു​ഴ​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും പാ​യ​ല്‍സാ​ന്നി​ധ്യം ചെ​റു​വ​ഞ്ചി​ക്കാ​ര്‍ക്കു​മു​ത​ല്‍ വ​ലി​യ ബോ​ട്ടു​ക​ള്‍ക്കു​വ​രെ പ്രശ്‍നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചീ​ന​വ​ല​ക​ള്‍, ഊ​ന്നി​വ​ല​ക​ള്‍ എന്നിവ തകരാർ ആകുന്നതും തൊഴിലാളികൾക്ക് പ്രയാസമാകുന്നു. മഴക്കാലം പൊതുവെ വറുതിയുടെ സമയമായ ഈ തൊഴിലാളികൾക്ക് ഇപ്പോൾ ഇരട്ടി പ്രഹരമാണ് ഉണ്ടാകുന്നത്. പാ​യ​ല്‍ പരക്കെ നി​റ​യു​ന്ന​തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വ​ല​വി​രി​ക്കാ​ന്‍ ക​ഴി​യാ​താ​വും. ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​ണ് ജോ​ലി​യി​ല്ലാ​താ​വു​ക. 

കു​ള​വാ​ഴ​ക​ള്‍ ചീ​ഞ്ഞു​ന​ശി​ച്ചാ​ലും വെ​ള്ള​ത്തി​ല്‍നി​ന്ന്​ ഇ​വ​യു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും നീ​ങ്ങു​ന്ന​തി​ന് മാ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, പാ​യ​ല്‍ ചീ​ഞ്ഞ് താ​ഴു​ന്ന​ത് വെ​ള്ളം മ​ലി​ന​മാ​കാ​നും മ​ത്സ്യ​ങ്ങ​ൾ ന​ശി​ക്കാ​നും ഇ​ട​യാ​ക്കു​ക​യും ചെ​യ്യും. വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് പൂ​ര്‍ണ​മാ​യും പോ​കാ​തെ വെ​ള്ള​ത്തിന്റെ മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് ഇ​വ കി​ട​ക്കു​ന്ന​ത്. പാ​യ​ല്‍ ഒ​ഴി​ഞ്ഞെ​ന്നു​ക​രു​തി വ​ല വി​രി​ച്ചാ​ല്‍ വ​ല വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് പോ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

മ​ഴ​യു​ള്ള​തി​നാ​ല്‍ പായൽ പെ​ട്ടെ​ന്ന്​ വ​ള​ര്‍ന്ന് വ്യാ​പി​ക്കു​ന്ന​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. തീ​ര​ങ്ങ​ളി​ല്‍ ഇ​വ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നാ​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല. വേ​ലി​യേ​റ്റ സമയത്താണ് തോ​ടു​ക​ളി​ല്‍ ഇവ കൂടുതലായി എത്തുന്നത്. തോടുകൾക്ക് പിന്നാലെ പ്രദേശത്തെ ചെമ്മീൻ കെട്ടുകളിലേക്കും ഇവ പടരുമോ എന്നാണ് ഇപ്പോൾ പ്രദേശത്തെ കർഷകരുടെ ആശങ്ക. പാ​യ​ല്‍ ചെ​മ്മീ​ന്‍കെ​ട്ടു​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്​ ത​ട​യാ​ന്‍ മു​ള​ക​ളും മ​റ്റും സ്ഥാ​പി​ക്കാ​റു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും ഫ​ല​പ്ര​ദ​മാ​വാ​റി​ല്ല. ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ത്തെ​ന്ന ഇ​വ കെ​ട്ടി​ല്‍ മു​ഴു​വ​ന്‍ വ്യാ​പി​ക്കു​ക​യും ചെ​യ്യും. മ​ത്സ്യ​ങ്ങ​ള്‍ക്കു​ള്ള ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത കു​റ​ക്കു​മെ​ന്ന​താ​ണ് കു​ള​വാ​ഴ​കൊ​ണ്ടു​ള്ള പ്ര​ധാ​ന പ്ര​ശ്‌​ന​മെ​ന്ന് ചെ​മ്മീ​ന്‍ ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു.

തൊഴിലെടുത്ത് ജീവിക്കാനുള്ള ഈ മനുഷ്യരുടെ അവകാശമാണ് പായൽ കവരുന്നത്. അടിയന്തിരമായ ഇടപെടൽ വിഷയത്തിൽ ഉണ്ടാകേണ്ടതുണ്ട്. പായൽ നീക്കം ചെയ്യാനും തോടുകളിലേക്കും മറ്റും പരക്കുന്നതും തടയാൻ അധികൃതരുടെ ഇടപെടൽ കൊണ്ട് മാത്രമേ സാധിക്കൂ. സർക്കാർ ഇടപെട്ട് ജനപങ്കാളിത്തത്തോടെ തന്നെ ഉടൻ പായൽ നീക്കാൻ വേണ്ട നടപടികൾ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടുന്നു.