ഐപിസി 124എ; ജനവിരുദ്ധമായ ഒരു കോളോണിയൽ ശേഷിപ്പ്

ipc 124a

പൗരസ്വാതന്ത്ര്യം അടിച്ചമർത്താൻ രാജ്യത്ത് രൂപം കൊണ്ട കരിനിയമങ്ങളിലെ രാജകുമാരൻ- 1922ൽ യംഗ് ഇന്ത്യയിലെ ലേഖനത്തിന്‍റെ പേരിൽ ദേശദ്രോഹമാരോപിക്കപ്പെട്ട് അറസ്റ്റിലായപ്പോൾ സെക്ഷൻ 124എ യെന്ന കിരാത നിയമത്തെ ഇങ്ങനെയാണ് മഹാത്മാ ഗാന്ധി ഉപമിച്ചത്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികമായി ഇന്ത്യൻ രാഷ്ട്രീയാന്തരീക്ഷത്തിൽ വിവാദങ്ങൾക്ക് വഴിതുറക്കുന്ന ഐ പി സി സെക്ഷൻ 124 എയിൽ  രാജ്യത്തെ  ഉന്നത നീതിപീഠത്തിന്റെ സുപ്രധാനമായ ഇടപെടലും നിരീക്ഷണവുമുണ്ടാകുമ്പോൾ ചർച്ചകൾ വീണ്ടും തലപൊക്കുകയാണ്. 

കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷ്  ഭരണകൂടം വിമത ശബ്ദങ്ങളെ അടിച്ചമർത്താൻ വ്യാപകമായി ഉപയോഗിച്ച നിയമം പരാതന്ത്ര്യത്തിൽ നിന്ന് മോചിതയായി ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്ത്യൻ ഭരണകൂടം കോട്ടമില്ലാതെ പേറുമ്പോൾ രാജ്യദ്രോഹ കുറ്റം (ഐ.പി.സി 124 A) പുനർനിർവചിക്കാൻ സമയമായെന്നാണ് സുപ്രീംകോടതി നിഷ്കർഷിക്കുന്നത്.  ടി.വി 5, എ.ബി.എൻ ആന്ധ്ര ജ്യോതി ചാനലുകൾക്കെതിരെ ആന്ധ്ര പോലീസ് ഐ.പി.സി124 എ, ഐ.പി.സി 153 തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ ചാനലുകളെ കുറ്റവിമുക്തമാക്കികൊണ്ടായിരുന്നു കോടതിയുടെ സുപ്രധാനപരാമർശം.  വൈ.എസ്.ആർ കോൺഗ്രസ് വിമത എം.പിയായ കെ.രഘു രാമകൃഷ്ണ രാജുവിന്‍റെ പ്രസംഗങ്ങൾ പ്രാധാന്യത്തോടെ നൽകിയെന്നതാണ് ചാനലുകൾക്കെതിരെ കുറ്റം ചുമത്താനുണ്ടായ കാരണം. 

വിനോദ് ദുവ

പത്മശ്രീ അവാർഡ് ജേതാവായ പ്രശസ്ത മാധ്യമ പ്രവർത്തകൻ വിനോദ് ദുവയെ ദേശദ്രോഹ കുറ്റത്തിൽ നിന്ന് ഒഴിവാക്കികൊണ്ടുള്ള വിധിപ്രസ്താവമാണ് മറ്റൊന്ന്. ഭീകരാക്രമണങ്ങളും മരണങ്ങളും മോദി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ദുവെയുടെ യൂ ട്യൂബ് ചാനൽ പരാമർശമാണ് ഹിമാചൽ പോലീസിന്‍റെ കേസിനാധാരമായത്. കലാപത്തിന് ആഹ്വാനം ചെയ്യുന്നതോ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പ്രവൃത്തിമാത്രമേ രാജ്യദ്രോഹക്കുറ്റമാകൂവെന്നും ഇക്കാര്യം വ്യക്തമാക്കുന്ന കേദാർനാഥ് സിങ് കേസിലെ വിധിയിൽ പറയുന്ന സംരക്ഷണം മാധ്യമപ്രവർത്തകർക്കുമുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. സർക്കാരിനും വ്യവസ്ഥിതിക്കും എതിരായ വിമർശനങ്ങൾ കുറ്റകരമല്ല. അക്രമങ്ങളിൽ പങ്കാളിത്തമോ അക്രമസംഭവങ്ങൾക്ക് നേരിട്ട് പ്രേരകമോ ആകുന്ന സാഹചര്യങ്ങളൊഴിച്ച് കുറ്റം സാധുവാകില്ല എന്നായിരുന്നു 1962 ജനുവരി 20ന് ജസ്റ്റിസ് ബി.പി. സിൻഹയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് കേദാർനാഥ് സിങ്ങ് കേസിൽ നടത്തിയ സുപ്രധാനമായ വിധി പ്രഖ്യാപനം. 

ഉമര്‍ ഖാലിദ്, കനയ്യകുമാര്‍

എന്നാൽ, കോടതികളിൽ നിന്ന്  ജാഗ്രത്തായ സമീപനമുണ്ടായിട്ടും ഇന്ത്യൻ ഭരണകൂടം ഈ നിയമത്തെ ഒരു മർദകോപരണമായി ഇന്നും ഉപയോഗിക്കുന്നു. രാജ്യത്തെ ഭരണഘടനയില്‍ രാജ്യദ്രോഹത്തെ പറ്റി വ്യക്തമായ നിര്‍വചനങ്ങളില്ലാത്തത് പല രീതിയിലുള്ള  വ്യാഖ്യാനങ്ങൾക്കും പഴുതു നൽകുന്നുണ്ട്. അധികാരം കയ്യാളുന്ന രാഷ്ട്രീയത്തിന് അടിമപ്പെട്ട പൊലീസ് സൈന്യം ഇത് മുതലെടുക്കുമ്പോൾ പീഡകൾ ഏറ്റുവാങ്ങുന്നത് നിരവധിപേരാണ്. ബിനായക് സെന്‍, കോവന്‍, ഉമര്‍ ഖാലിദ്, കനയ്യകുമാര്‍, ദിഷ രവി അങ്ങനെയങ്ങനെ ഇരകളുടെ പട്ടികയ്ക്ക് ഇനിയും നീളമുണ്ടാകാൻ അനുവദിച്ചുകൂടാ.


രാജ്യദ്രോഹവും ഇന്ത്യൻ ഭരണഘടനയും

ഇന്ത്യന്‍ പീനല്‍ കോഡിന്റെ പിതാവെന്നറിയപ്പെടുന്ന, ബ്രിട്ടീഷ് നിയമജ്ഞനായ കേണല്‍ മെക്കാളെ 1837-ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ കരടുരൂപം സമര്‍പ്പിക്കുകയുണ്ടായി. ഇതില്‍ സെക്ഷന്‍ 113 ലാണ് രാജ്യദ്രോഹക്കുറ്റത്തെപ്പറ്റി പ്രതിപാദിച്ചിരുന്നത്. പിന്നീട് 1860ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം നിലവില്‍ വന്നപ്പോള്‍ രാജ്യദ്രോഹം ഉള്‍പ്പെടുന്ന സെക്ഷന്‍ വിട്ടുപോയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബ്രിട്ടീഷ് അധികാരികള്‍ 1870 ല്‍ നിയമം ഭേദഗതി വരുത്തി രാജ്യദ്രോഹക്കുറ്റം സെക്ഷന്‍ 124എ ആയി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.


കൊളോണിയല്‍ സര്‍ക്കാരിനെതിരെയുള്ള ശബ്ദങ്ങളെ ഇല്ലാതാക്കാനായിരുന്നു ഈ നിയമം ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയത്. നിയമം നടപ്പാക്കിയതിന് പിന്നാലെ തന്നെ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള ആദ്യ അറസ്റ്റും നടന്നു. 1891ല്‍ ബംഗാളിലെ വാരാന്ത്യ പത്രമായ ബംഗോബാസിയുടെ എഡിറ്ററായ ജോഗേന്ദ്ര ചന്ദ്രബോസിനെതിരെയാണ് 124എ നിയമം ആദ്യമായി ഉപയോഗിച്ചത്. ഇന്ത്യന്‍ സ്വാതന്ത്രസമര നേതാക്കള്‍ക്കെതിരെയും ഈ നിയമം പ്രയോഗിക്കപ്പെട്ടു.ബാലഗംഗാധര തിലകൻ വിവിധ തവണകളിലായി ആറു വർഷമാണ്  ഈ നിയമം വഴി ജയിലിൽ കിടന്നത്. 1922ൽ മഹാത്മാഗാന്ധിയും ഈ  നിയമത്തിനു കീഴിൽ വിചാരണ നേരിട്ടു.

സുപ്രീം കോടതി

ഇന്ത്യ സ്വതന്ത്രമാകുന്നത്തോടെ ഈ കരിനിയമത്തിന് താഴുവീഴുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരുന്നു. നിയമത്തിന്‍റെ നിർവചനത്തിൽ നിന്ന് ദേശദ്രോഹം എന്ന വാക്ക് എടുത്തു മാറ്റാനായെന്നത് മാത്രമാണ്  ഭരണ ഘടനാ നിർമാണ സമിതിക്ക് ചെയ്യാനായ ഏക കാര്യം. വാക്കാലോ, പ്രവൃത്തിയാലോ, ലിഖിത രൂപേണയോ, പ്രത്യക്ഷവും പരോക്ഷവുമായി നിയമം മൂലം സ്ഥാപിതമായ വ്യവസ്ഥിതിക്കെതിരെ ഹീനകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് നിയമത്തിന്‍റെ പരിധിയിൽ വരുന്നത്. ഇവരെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യാവുന്നതാണ്. ഒത്തുതീർപ്പിന് പഴുതുകളുമുണ്ടാകില്ല. പ്രതിക്ക് ജാമ്യം നിഷേധിക്കുകയും പാസ്പോർട്ട് പിടിച്ചു വെക്കുകയും ചെയ്യും. സർക്കാർ ജോലികൾക്ക് അയോഗ്യരാക്കുകയും ചെയ്യും.


1950ല്‍ ഭരണഘടന നിലവില്‍ വന്നതിന് ശേഷം സെക്ഷന്‍ 124എ അഥവാ രാജ്യദ്രോഹക്കുറ്റം ആദ്യമായി ചുമത്തിയത് ക്രോസ് റോഡ് മാസികയുടെ സ്ഥാപകനായ റൊമേഷ് ഥാപ്പര്‍ കേസിലായിരുന്നു. റൊമേഷ് ഥാപ്പറിന്റെ ലേഖനങ്ങള്‍ അന്നത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ വിദേശനയങ്ങളെ വിമര്‍ശിക്കുന്നവയായിരുന്നു എന്നതാണ് കേസിനാധാരം. പക്ഷെ, അന്നും 124എ ഐ.പി.സിയ്ക്കെതിരെ ഇന്ത്യന്‍ നീതിന്യായ വിഭാഗം രംഗത്തെത്തി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ പ്രസ്തുത വകുപ്പ് പരിഗണിക്കാന്‍ പാടുള്ളുവെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്. 1962ലെ കേദാര്‍നാഥ് കേസിലും 124എ-യുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത കോടതി വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള എഴുത്തുകള്‍ പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാമെന്നു  നിർദ്ദേശിച്ചത് ബിനായക് സെന്‍ കേസിലായിരുന്നു.

ബിനായക് സെന്‍

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്നിനെതിരെ മാവോവാദികളെ സഹായിച്ചുവെന്ന കേസിലാണ് 2007ല്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ കേസെടുത്തത്. രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങളായിരുന്നു ബിനായക് സെന്നിനു മേല്‍ ചുമത്തിയിരുന്നത്. 2015 ല്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയേയും സര്‍ക്കാരിന്റെ മദ്യനയത്തേയും വിമര്‍ശിച്ച് പാട്ടെഴുതിയതിനാണ് നാടോടി ഗായകനും ആക്ടിവിസ്റ്റുമായ കോവൻ വേട്ടയാടപ്പെട്ടത്. 2018ല്‍ കാവേരി വിഷയത്തിലും സമാനമായ പ്രതിഷേധം നടത്തിയ കോവനെതിരെ വീണ്ടും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു. 2014ൽ ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തെ ക്യാംപസുകള്‍ സംഘപരിവാറിനെതിരെ പ്രതിരോധം ശക്തമാക്കിയിരുന്നു. ഈ വിദ്യാർത്ഥി രോഷത്തെ അടിച്ചമർത്താനും രാജ്യദ്രോഹമെന്ന തുറുപ്പുചീട്ടാണ് സംഘപരിവാരങ്ങൾ പ്രയോഗിച്ചത്. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങി വിദ്യാർത്ഥി നേതാക്കൾ അതിനിരകളാവുകയും ചെയ്തു.

പൗരത്വ നിയമവിരുദ്ധ സമരത്തിനെതിരെ ആയിരക്കണക്കിന് കേസുകളാണ് ഇന്ത്യയിൽ ചുമത്തപ്പെട്ടത്. കർണാടക ബിദറിലെ ഷഹീൻ ഉറുദു മീഡിയം സ്കൂളിലെ വാർഷികത്തിൽ സി.എ.എ വിരുദ്ധ കലാപരിപാടി നടത്തിയതിന് പ്രൈമറി വിദ്യാർത്ഥിയെ പല തവണകളിലായി മണിക്കൂറുകളാണ്  പോലീസ് ചോദ്യം ചെയ്തത്. സ്കൂൾ ഹെഡ്മിസ്ട്രസിനെയും, കുട്ടിയുടെ മാതാവിനെയും 124 എ  പ്രകാരം ബിദർ ജില്ലാ കോടതി റിമാൻറ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഝാർഖണ്ഡിൽ ഭൂമി സമരത്തിൽ പങ്കാളികളായ പതിനായിരത്തിലധികം ആദിവാസി കർഷകർക്കെതിരെയും 124 എ  ചുമത്തിയിട്ടുണ്ട്. ദിഷ രവിയെന്ന പരിസ്ഥിതി പ്രവര്‍ത്തകയ്ക്ക് മേല്‍ രാജ്യദ്രോഹം ചുമത്തുന്നതിലേക്കായിരുന്നു കര്‍ഷകസമരത്തെ പിന്തുണച്ചതിനെ തുടര്‍ന്നുണ്ടായ ടൂള്‍ക്കിറ്റ് വിവാദം എത്തിച്ചേർന്നത്. ഈ കേസ് ഇപ്പോഴും മുഖ്യധാരയിൽ ചർച്ചയാണ്. ശശി തരൂരും, രാജ്ദീപ് സര്‍ദേശായിയും വിനോദ് കെ. ജോസും അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇത് ഭരണകൂടത്തെ വിമർശിച്ചവരും അനീതിയേയും അസമത്വത്തേയും ചോദ്യം ചെയ്തവരും സ്വതന്ത്ര ഇന്ത്യയുടെ തടവറകളിലേക്കാനയിക്കപ്പെടുമെന്ന സ്ഥിതിവിശഷമാണുണ്ടാക്കിയത്.


രാജ്യദ്രോഹവും സംഘപരിവാർ രാഷ്ട്രീയവും 

2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വന്നതോടെ രാജ്യദ്രോഹത്തിന് ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയം എന്ന നിർവചനം കൂടി ലഭിച്ചെന്നു പറയാം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ 2019-ലെ കണക്കനുസരിച്ച് മോദി സര്‍ക്കാരിനു കീഴില്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതില്‍ 165% വര്‍ദ്ധനവാണുണ്ടായത്. 2015 മുതല്‍ 2019 വരെയുള്ള കാലത്തിനുള്ളില്‍ രാജ്യത്ത് 283 കേസുകളാണ് 124എ വകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്തത്. അതില്‍ 56 കേസുകളില്‍ മാത്രമാണ് വിചാരണ പോലും നടന്നിട്ടുള്ളത്. 51 കേസുകളിലായി 55 പേരെ കോടതി വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. 2014ന്റെ ആദ്യപകുതിയില്‍ ആകെ 9 പേരാണ് രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നേരിടുന്നവരായോ ജാമ്യത്തിലുള്ളവരായോ ഉണ്ടായിരുന്നത്.

നരേന്ദ്ര മോദി, അമിത് ഷാ

രാജ്യദ്രോഹനിയമത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനില്‍ ഈ നിയമം എടുത്തുകളയാന്‍ 1977-ല്‍ തന്നെ ശുപാര്‍ശ നല്‍കിയിരുന്നു. 2010-ല്‍ ബ്രിട്ടനില്‍ രാജ്യദ്രോഹനിയമം ഇല്ലാതായി. അതിനെത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അതിന്റെ പ്രയോഗം ബ്രിട്ടനില്‍ ഇല്ലാതായിരുന്നു. എന്നാൽ, ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഹിന്ദുത്വ-കോര്‍പ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടം ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള വഴിയായി രാജ്യദ്രോഹ നിയമത്തെ ഇന്നും കാണുന്നു.


ക്രിയാത്മകമായ വിമർശനങ്ങൾക്ക് ഇടം നൽകാതെ വിമത സ്വരങ്ങളെ കരിനിയമത്തിനു കീഴിൽ അടിച്ചമർത്തുന്നത് ജനാധിപത്യത്തിന്റെ വളർച്ച മുരടിപ്പിക്കും. ഭരിക്കുന്ന സര്‍ക്കാരും ഭരണകൂടവും എന്നത് ജനാധിപത്യത്തിന്റെ അവസാനവാക്കല്ല. നിലനില്‍ക്കുന്ന വ്യവസ്ഥ പോലും മാറ്റാനുള്ള രാഷ്ട്രീയ സമരങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തിനെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്. അതുകൊണ്ടുതന്നെ 124 എ   എന്ന വകുപ്പിന്റെ പരിധി നിശ്ചയിക്കുന്നതിലുപരി, ജനാധിപത്യ വിരുദ്ധമായ ഈ  കൊളോണിയല്‍ നിയമം നമ്മുടെ നിയമ വാഴ്ചയില്‍ ഉണ്ടാകാന്‍ പാടുണ്ടോ എന്നതാണ് ചർച്ചയക്കേണ്ടത്.