ശരീരം അകലം പാലിക്കുമ്പോള്‍ സമൂഹം വിദൂരമാകുന്ന ചുവന്ന തെരുവുകള്‍

ശരീരം അകലം പാലിക്കുമ്പോള്‍ സമൂഹം വിദൂരമാകുന്ന ചുവന്ന തെരുവുകള്‍

ജീവിതം അടിമുടി പ്രോട്ടോക്കോള്‍ അധിഷ്ടിതമാകുന്ന അസാധാരണമായ സംഭവവികാസങ്ങളാണ് ലോക ജനതയെ കടന്നു പോകുന്നത്. ആശങ്കകളോടെ പിറന്ന 2020ന്‍റെ അവസാന നാളുകളെത്തിയിട്ടും ജാഗ്രത അനിവാര്യം. സര്‍വ്വസ്വവും വഴിതിരിച്ചു വിട്ട കോവിഡ് കാലത്ത് മുഖ്യധാരയില്‍ സജീവമായിരുന്ന തൊഴില്‍ മേഖലകള്‍ വരെ സ്തംഭിച്ചപ്പോള്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു അതിരുവല്‍ക്കരിക്കപ്പെട്ട ലൈംഗിക വൃത്തി. ഒരു പക്ഷെ കോവിഡ് നിയന്ത്രണങ്ങള്‍ ഏറ്റവും അധികം ബാധിക്കപ്പെട്ട മേഖല ഇതാണ്. ശരീരം അകലം പ്രാപിച്ചപ്പോള്‍ സമൂഹത്തില്‍ നിന്ന് വീണ്ടും അകന്ന ജനത.

സമ്പര്‍ക്കം ഒട്ടും അംഗീകരിക്കപ്പെടാത്ത കോവിഡ് കാലം ലൈംഗിക തൊഴിലാളികളെ നിസ്സാരമായൊന്നുമല്ല ബാധിച്ചത്. ഭക്ഷണത്തിനും കിടപ്പാടത്തിനും ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ക്കും സമൂഹത്തിന്‍റെ ദയ തേടുകയാണിവര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ തൊഴില്‍ മേഖലയും പതിയെ ഉണരാന്‍ തുടങ്ങിയപ്പോഴും ലൈംഗിക വൃത്തി നിര്‍ജ്ജീവാവസ്ഥയില്‍ തുടരുന്നു. രാജ്യത്തെ ചുവന്ന തെരുവുകളില്‍ അതിജീവനത്തിന്‍റെ പാത തെളിയാതെ പകച്ചു നില്‍ക്കുന്നത് എട്ടു ലക്ഷത്തിലധികം സ്ത്രീകളാണ്. പട്ടിണി, കടം, രോഗം, അവഗണന എന്നിങ്ങനെ മുമ്പത്തേതിനെക്കാള്‍ കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് അവര്‍ കടന്നു പോകുന്നത്.

ഭൂരിപക്ഷം ലൈംഗിക തൊഴിലാളികളും തങ്ങളുടെ സ്ഥിരം തൊഴില്‍ വിട്ട് മറ്റൊരു ജോലിക്കു ശ്രമിക്കുന്നു. സാധാരണ സാഹചര്യങ്ങളില്‍ പോലും ലൈംഗിക തൊഴിലാളിയെ മാറ്റി നിര്‍ത്തുന്ന സമൂഹം അവരെ സ്വീകരിക്കുമോ? അംഗീകരിക്കുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന കല്‍ക്കത്തയിലെ സോനാഗച്ചിയില്‍ നിന്ന് ലൈംഗിക തൊഴിലാളികള്‍ കൂട്ടപ്പലായനത്തിന് മുതിരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വിവിധ സര്‍വ്വെ ഫലങ്ങള്‍ പുറത്തുവിടുന്നത്. രോഗഭീതിയും കടക്കെണിയും പരാധീനതകള്‍ കണ്ടറിഞ്ഞ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ വിമുഖത കാട്ടുന്ന ഭരണ സംവിധാനങ്ങളും ഇവരെ ദുരിതത്തിലാക്കുമ്പോള്‍ അതിജീവനം വലിയ ചോദ്യചിഹ്നമായി ശേഷിക്കുന്നു.

ആളൊഴിയുന്ന സോനഗച്ചി

നൂറുകണക്കിന് വേശ്യാലയങ്ങളിലായി ഏകദേശം 7000ത്തിലധികം ലൈംഗികത്തൊഴിലാളികളെ ഉള്‍ക്കൊള്ളുന്ന തെരുവാണ് പശ്ചിമ ബംഗാള്‍ തലസ്ഥാനം കല്‍ക്കത്തയിലെ സോനാഗച്ചി. സ്ത്രീശരീരത്തിന്റെ നോവുകളും കണ്ണുനീരും രക്തവും ഏറ്റുവാങ്ങിയ തെരുവ്. ചെറിയ പാര്‍പ്പിടങ്ങള്‍ അതിരിടുന്ന, ഇടുങ്ങിയ, ഇരുട്ട് കലര്‍ന്ന മുഖമാണ് സോനാഗച്ചിക്ക്.

എന്നാല്‍, പല പ്രായക്കാരും ദേശക്കാരുമായ വേശ്യകള്‍ ആകര്‍ഷണ വലയം തീര്‍ത്ത് കാത്തിരുന്ന ആ തെരുവോരം ആളൊഴിഞ്ഞ് ആരവമില്ലാതെ നിര്‍ജ്ജീവമായിരിക്കുന്നു. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ തൊഴിലില്ലായ്മയും പട്ടിണിയും പ്രദാനം ചെയ്തപ്പോള്‍ വഴിമുട്ടിയ ജീവിതങ്ങളാണ് സോനാഗച്ചിയുടെ സമകാലിക ചിത്രം. കൂട്ടപ്പലായനത്തിന്‍റെ വക്കില്‍ വഴിയറിയാതെ നില്‍ക്കുന്ന ഈ സ്ത്രീകളെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് 'ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിംങ് ഓര്‍ഗനൈസേഷന്‍' എന്ന എന്‍ജിഒ നടത്തിയ സര്‍വ്വെയില്‍ തെളിഞ്ഞത്.

സോനാഗച്ചിയിലെ 80 ശതമാനത്തോളം ലൈംഗിക തൊഴിലാളികളും മറ്റു തൊഴില്‍ തേടി പോവുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തോടെ രൂക്ഷമായ തൊഴിലില്ലായ്മ കടക്കെണിയിലേക്കാണ് ഈ സ്ത്രീകളെ നയിച്ചത്. ജീവിതമാര്‍ഗം നിലച്ചപ്പോള്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വായ്പകളെടുത്തു. എന്നാല്‍ ലോക്ക് ഡൗണ്‍ നീളുകയും വരുമാനം ലഭിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാതിരിക്കുകയും ചെയ്തതോടെ പലിശയും പലിശയ്ക്കുമേല്‍ പലിശയുമായി കടം പെരുത്തു.

മറ്റ് ജോലികള്‍ക്കു ശ്രമിക്കുകയാണെങ്കിലും വായ്പ നല്‍കിയവരില്‍ നിന്നുള്ള ചൂഷണം അസഹനീയമായി. 89 ശതമാനം ലൈംഗിക തൊഴിലാളികളാണ് ഇത്തരത്തില്‍ കടബാധ്യതയില്‍ വീര്‍പ്പുമുട്ടുന്നത്. ഇവരില്‍ 81 ശതമാനത്തിലധികം പേരും സ്വകാര്യ മേഖലയിൽ നിന്ന് വായ്പയെടുത്തിട്ടുള്ളവരാണ്. പ്രത്യേകിച്ചും പണമിടപാടുകാര്‍, ലൈംഗിക തൊഴിലിടങ്ങള്‍ നടത്തുന്നവര്‍, ഏജന്‍റുമാര്‍ എന്നിവരില്‍ നിന്ന്. ഇത് മൂലം നിഷ്കരുണം ചൂഷണത്തിന് വിധേയരാവുകയാണ് സോനാഗച്ചിയിലെ സ്ത്രീകള്‍.

ലൈംഗിക തൊഴിലാളികളികളുടെ നേതൃത്വത്തില്‍ സോനാഗച്ചിയില്‍ ഒരു സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പലരും ഈ ബാങ്കില്‍ അംഗങ്ങളല്ല. പലരുടെ കയ്യിലും രേഖകളൊന്നുമില്ലാത്തതിനാലാണ് ബാങ്കിനെ ആശ്രയിക്കാതെ ഇവര്‍ അതാതു പ്രദേശങ്ങളില്‍ കൂടുതല്‍ പലിശയ്ക്കു പണം കടം കൊടുക്കുന്നവരെ സമീപിച്ചത്- ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിംങ് ഓര്‍ഗനൈസേഷന്‍റെ സര്‍വ്വെ ഫലത്തെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈയില്‍ സ്ഥിതിഗതികള്‍ അനുകൂലമായതോടെ രാജ്യത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് സോനാഗച്ചിയില്‍ 65 ശതമാനം ജോലിയും പുനരാംരംഭിച്ചത്. എന്നാല്‍ കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നിരിക്കെ തങ്ങളുടെ സ്ഥിരം തൊഴില്‍ ചെയ്യാന്‍ മിക്ക ലൈംഗിക തൊഴിലാളികളും ധൈര്യപ്പെട്ടില്ല. ഇവരുടെ അതിജീവനത്തിനായുള്ള ബദല്‍ മാര്‍ഗങ്ങള്‍ അവലംബിക്കാനോ ഏകോപിപ്പിക്കാനോ സംസ്ഥാന സര്‍ക്കാര്‍ അലസത കാട്ടിയത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയെന്ന് സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു.

ലൈംഗിക തൊഴിലാളികള്‍ ജീവിക്കാന്‍ വേണ്ടി ബുദ്ധിമുട്ടുകയാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യാന്‍ തയാറാണെന്നുമായിരുന്നു പ്രസ്തുത വിഷയത്തില്‍ പശ്ചിമബംഗാളിലെ വനിതാ ശിശു ക്ഷേമ മന്ത്രി സശി പാഞ്ച പ്രതികരിച്ചത്. പലര്‍ക്കും സൗജന്യ റേഷന്‍ നല്‍കിയിട്ടുള്ളതിനാല്‍ ആരും പട്ടിണിയാകില്ലെന്ന മറുവാദവും മന്ത്രി ഉന്നയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ സഹായം അപര്യാപ്തമായ സാഹചര്യത്തില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ലൈംഗിക തൊഴിലാളികളെ സഹായിക്കാന്‍ ബദല്‍ മാര്‍ഗ്ഗം കണ്ടെത്തണമെന്നാണ് സര്‍വ്വെ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം. സോനഗച്ചി മാത്രമല്ല മുംബൈയിലെ കാമാത്തിപുര, ഡല്‍ഹിയിലെ ജിബി റോഡ്, തുടങ്ങി രാജ്യത്തെ എല്ലാ വേശ്യാലയങ്ങളും പ്രൗഢി നഷ്ടപ്പെട്ട് ദുരിതക്കയത്തിലാണ്. കോവിഡ് കാലം മറികടന്നാലും ഇവരുടെ ജീവിത സാഹചര്യങ്ങള്‍ എന്ന് പഴയപടിയാകുമെന്നതില്‍ വ്യക്തതയില്ല. അങ്ങനെയൊരു പുനരുജ്ജീവനമുണ്ടെങ്കില്‍ അതുവരെ ആത്മഹത്യ ചെയ്യാതെ പിടിച്ചുനില്‍ക്കുന്നവര്‍ എത്രയെന്ന് കണ്ടറിയണം.

ലൈംഗിക തൊഴിലാളികളുടെ പുരധിവാസം

ബലാത്സംഗത്തിന് ഇരയായവര്‍, പൊതുസമൂഹത്തില്‍ നിലനില്‍പ്പില്ലാത്തവിധം ഒറ്റപ്പെട്ടവർ, ദാരിദ്ര്യത്തിലകപ്പെട്ടവർ, ചതിക്കപ്പെട്ടവർ എന്നിങ്ങനെയാണ് രാജ്യത്തെ വേശ്യാലയങ്ങളിലെ ഭൂരിഭാഗം അന്തേവാസികള്‍. അല്ലാതെ പാര്‍ശ്വവത്കരിക്കപ്പെടുന്ന, പരിഹസിക്കപ്പെടുന്ന, അവഗണിക്കപ്പെടുന്ന വേശ്യാവൃത്തി അവര്‍ സ്വയം തെരഞ്ഞെടുക്കുന്നതല്ല. വേശ്യാലയങ്ങളില്‍ ജനിച്ചുവളരുന്ന അപൂര്‍വ്വം ചില സന്ദര്‍ഭങ്ങള്‍ മാത്രമേ അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാറുള്ളൂ.

ജീവിതത്തിന്‍റെ കയ്പേറിയ അദ്ധ്യായങ്ങള്‍ ചുവന്ന തെരുവില്‍ കൊണ്ടെത്തിച്ച ഈ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയോ, മറ്റ് തൊഴില്‍ നൈപുണ്യമോ, ഉണ്ടാകണമെന്നില്ല. സദാചാര ബോധം വാനോളം പേറുന്ന പൊതുസമൂഹം ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് വരുന്ന ഈ സ്ത്രീകളെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നതാണ് മറ്റൊരു വസ്തുത. ഇരുട്ട് വീണാല്‍ സദാചാരത്തിന്‍റെ കുപ്പായമഴിച്ച് നീണ്ടുനിവര്‍ന്ന് കിടക്കുന്നവര്‍പോലും ഇതിന് സന്നദ്ധരല്ലെന്നതും പച്ചയായ യാഥാര്‍ത്ഥ്യം. അതിജീവനത്തിനായി കണ്ടെത്തിയ തൊഴില്‍ മേഖല കയ്യൊഴിയുമ്പോള്‍ ലൈംഗികത്തൊഴിലാളികള്‍ പ്രതിസന്ധിയിലാകുന്നതിന്‍റെ കാരണങ്ങള്‍ ഇവയൊക്കെ തന്നെ.

ലൈംഗികത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനും ദുരിതങ്ങളില്‍ നിന്ന് കരകയറ്റാനും സന്നദ്ധ സംഘടനകൾക്ക് ഒരു ഉത്തേജകമായി വര്‍ത്തിക്കാം. കേവലം ആരോഗ്യ പ്രതിസന്ധി എന്നതിലപ്പുറം മനുഷ്യരാശിയെ ഒന്നടങ്കം തളര്‍ത്തിയ കോവിഡ് കാലത്ത് പുനരുജ്ജീവനത്തിന്‍റെ വഴി തുറന്ന് ഇത്തരം സംഘടനകള്‍ക്ക് മാത‍ൃകയാകാം. ഭരണ സംവിധാനങ്ങള്‍ നിഷ്ക്രിയമാകുന്നിടത്ത് സാമൂഹിക പരിഷ്കരണം ലക്ഷ്യമിടുന്ന സന്നദ്ധസംഘടനകള്‍ മുന്നോട്ട് വരിക തന്നെ വേണം.

ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിനും പുനരധിവാസത്തിനുമായി എന്‍ജിഒകളും സി‌എസ്‌ആർ സംഘടനകളും രംഗത്തുണ്ട്. ഇത്തരം വിപുലമായ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍ നിന്ന് ലൈംഗിക തൊഴിലാളികള്‍ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. മാന്യതയും ആദരവും ലഭിക്കുന്ന ഇതര തൊഴിൽ സാധ്യതകൾ കണ്ടെത്താൻ ലൈംഗിക തൊഴിലാളികളെ സഹായിക്കേണ്ടതായുണ്ട്. സന്നദ്ധ സംഘടനകൾക്ക് ഇവിടെ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും.

ലൈംഗിക തൊഴിലാളികൾക്ക് വിദ്യാഭ്യാസ മൊഡ്യൂളുകൾ, തൊഴിൽ പരിശീലനം, മെന്ററിംഗ് സെഷനുകൾ എന്നിവ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് സാധിക്കും. ഇതിനുള്ള ധനസഹായം നല്‍കി സര്‍ക്കാരുകള്‍ക്കും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും കൂടെ നില്‍ക്കാം.

പുതിയ സംരംഭകത്വ അവസരങ്ങൾ സജ്ജീകരിക്കുന്നതിന് വിഭവങ്ങളും ആവശ്യമാണ്. ലൈംഗികത്തൊഴിലാളികളെ വീണ്ടും സമൂഹത്തിലേക്ക് പുനഃ സംഘടിപ്പിക്കുന്നതിനുള്ള പരിപാടികള്‍ നടപ്പിലാക്കുന്നതിന് വരും വർഷങ്ങളിൽ തീവ്രമായ പ്രവർത്തനങ്ങൾ ആവശ്യമായി വരും. അങ്ങനെയെങ്കില്‍ യഥാർത്ഥ നേതൃത്വത്തിനുള്ള സമയമാണിത്.