ഉയിഗുറുകളെ ലബോറട്ടറികളിലെ പരീക്ഷണ വസ്തുവാക്കി ചൈനീസ് സർക്കാർ

china government

ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിൽ നിന്നുള്ള വംശീയ വിഭാഗമാണ്  ഉയിഗുറു. സിന്‍ജിയാങ് പ്രവിശ്യയില്‍ 1.20 കോടി ഉയിഗുറുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. മറ്റു ചൈനക്കാരെ അപേക്ഷിച്ച് ഭാഷാപരമായും സാംസ്‌ക്കാരികമായും മതപരമായും വ്യത്യസ്തരാണ് ഉയിഗുറുകള്‍. തുര്‍ക്കിഷ് ഭാഷയോട് സമാനമായുള്ള ഭാഷ ഉപയോഗിക്കുന്ന ഇവര്‍ക്ക് മധ്യേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുമായാണ് സാംസ്‌ക്കാരികമായി കൂടുതല്‍ ബന്ധമുള്ളത്.ഇവര്‍ക്കെതിരെ ചൈന മനുഷ്യാവകാശ ധ്വംസനങ്ങളും കൊടിയ പീഢനങ്ങളും നടത്തുന്നുണ്ടെന്നത് ഏറെക്കാലമായുള്ള ആരോപണമാണ്. ചൈനീസ് അധികൃതരുടെ നിരീക്ഷണം മേഖലയില്‍ കര്‍ശനമാണ്. 

2017 മുതൽ ചൈനീസ് സർക്കാർ ഒരു ദശലക്ഷത്തിലധികം ആളുകളെ തടവിലാക്കുകയും തടങ്കലിൽ വയ്ക്കാത്തവരെ തീവ്രമായ നിരീക്ഷണം, മതപരമായ നിയന്ത്രണങ്ങൾ, നിർബന്ധിത തൊഴിൽ, നിർബന്ധിത വന്ധ്യംകരണം എന്നിവയ്ക്ക് വിധേയരാക്കുകയും ചെയ്തു.സിൻജിയാങ്ങിലെ ദുരുപയോഗവുമായി ബന്ധമുള്ള ഡസൻ കണക്കിന് ചൈനീസ് ഏജൻസികളെ അമേരിക്ക അനുവദിച്ചു. ഉയ്ഘറുകൾ തീവ്രവാദ, വിഘടനവാദ ആശയങ്ങൾ പുലർത്തുന്നുവെന്ന് ചൈനീസ് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്, ചൈനയുടെ പ്രാദേശിക സമഗ്രത, ഗവൺമെന്റ്, ജനസംഖ്യ എന്നിവയ്ക്കുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിനുള്ള ഒരു മാർഗമായാണ് അവർ ക്യാമ്പുകളെ കാണുന്നത്.

ഉയിഗുറുകള്‍ക്കുവേണ്ടി കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ ചൈന നടത്തുന്നുവെന്ന വാര്‍ത്തകള്‍ മുൻപ് വിവാദമായിരുന്നു. ഇത്തരം ക്യാംപുകളില്‍ കഴിയുന്ന സ്ത്രീകളെ ലൈംഗികമായി പീഢിപ്പിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. പത്ത് ലക്ഷം ഉയിഗുറുകളെങ്കിലും ഇത്തരം ചൈനീസ് ക്യാംപുകളില്‍ കഴിയുന്നുവെന്നാണ് കരുതപ്പെടുന്നത്. 

അതേസമയം, തങ്ങള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളല്ല ഉയിഗറുകള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ- തൊഴില്‍ പരിശീലന കേന്ദ്രങ്ങളാണ് നടത്തുന്നതെന്ന വിശദീകരണമാണ് ചൈനീസ് ഭരണകൂടം നല്‍കുന്നത്. രാജ്യത്തിനെതിരെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനല്‍ നിന്നും ഉയിഗുറുകളെ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് ഈ നടപടിയെന്നും ചൈന പറയുന്നു. ഉയിഗുറുകളെ മേഖലയിലെ ഫാക്ടറികളില്‍ അടിമവേലക്കു നിയമിക്കുന്നുണ്ടെന്ന വാർത്തകളും പുറത്തുവന്നിരുന്നു. 


ഉയിഗര്‍ പീഢനത്തിന്റെ പുതിയ രീതിയാണ് ഉയിഗുര്‍ മുസ്‌ലിംകളുടെ മുഖം നോക്കി മനോവികാരം മനസ്സിലാക്കാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയും നിര്‍മിത ബുദ്ധിയും ചൈന ഉപയോഗിക്കുന്നുവെന്ന വെളിപ്പെടുത്തല്‍. നിര്‍മിത ബുദ്ധിയും ഫേസ് റെക്കഗ്നിഷനും ഉപയോഗിച്ച് വ്യക്തികളുടെ മനോനിലയെ പോലും തിരിച്ചറിയാനുള്ള ശ്രമങ്ങളിലൂടെ പുറത്തുവരുന്നത്. സിന്‍ജിയാങ് പ്രവിശ്യയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഒരു സോഫ്റ്റ്‌വെയര്‍ എൻജിനീയറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നത്. വ്യക്തികളുടെ മുഖഭാവം പരിശോധിച്ച് സമ്മര്‍ദവും ആശങ്കയുമെല്ലാം എത്രത്തോളം ചോദ്യം ചെയ്യുമ്പോഴുണ്ടെന്ന് കണ്ടെത്താനാണ് ഈ സംവിധാനത്തെ ഉപയോഗിക്കുന്നത്.
 

 'ലബോറട്ടറികളിലെ പരീക്ഷണവസ്തുവായാണ് പലപ്പോഴും ഉയിഗുറുകളെ ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. നുണ പരിശോധന യന്ത്രത്തിന് സമാനമായ രീതിയാണ് ഇവരില്‍ പരീക്ഷിക്കുന്നത്. അതേസമയം, നുണ പരിശോധനയേക്കാള്‍ ആധുനികവുമാണ്' ഉയിഗുറുകള്‍ക്കെതിരെ ഉപയോഗിക്കുന്ന എഐ സാങ്കേതികവിദ്യയെക്കുറിച്ച് സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ വെളിപ്പെടുത്തുന്നു. 
 

ചൈനയിലെ പൊലീസ് സ്റ്റേഷനുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന കെട്ടിയിടാവുന്ന കസേരകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതില്‍ വ്യക്തികളെ ഇരുത്തിയ ശേഷം കൈത്തണ്ടയും കാല്‍തണ്ടയും ബന്ധിച്ച ശേഷമാണ് ചോദ്യം ചെയ്യുക. ഈ സമയത്ത് കസേരയില്‍ ഇരിക്കുന്നവരുടെ മുഖഭാവത്തിലുണ്ടാവുന്ന വളരെ ചെറിയ മാറ്റങ്ങള്‍ പോലും നിര്‍മിത ബുദ്ധി സംവിധാനം തിരിച്ചറിയുകയും വിവരം കൈമാറുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള ആശങ്കകള്‍ മുഖത്ത് പ്രകടമാവുന്നുണ്ടോയെന്ന് നിര്‍മിത ബുദ്ധി കണ്ടെത്തുകയാണ് ചെയ്യുന്നത്. 
 

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ചൈന പറയുമ്പോഴും  'ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഏതെങ്കിലും പൈ ചാര്‍ട്ട് ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ക്ക് തീരുമാനിക്കാവുന്നതല്ല മനുഷ്യരുടെ ജീവിതം. പ്രത്യേകിച്ചും പലവിധത്തിലുള്ള സമ്മര്‍ദത്തില്‍ കഴിയുന്ന ഉയിഗുറുകളെ പോലെയുള്ളവര്‍ക്കുമേല്‍ ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നത് ഗുരുതര പ്രശ്‌നമാണ്' എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ചൈനയിലെ ഡയറക്ടര്‍ സോഫി റിച്ചാഡ്‌സണ്‍  പ്രതികരിക്കുന്നത്.