മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി യുഎൻ; എല്ലാം തള്ളി യുദ്ധ പ്രഖ്യാപനം നടത്തി ഉത്തര കൊറിയ

Kim Jong Un

മനുഷ്യാവകാശ ലംഘനങ്ങൾക്ക് പേര് കേട്ട രാജ്യമാണ്. കിം ജോങ് ഉൻ എന്ന ഏകാധിപതിയുടെ കീഴിൽ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും 'ഒറ്റപ്പെട്ട രാജ്യം'. ടൂറിസ്റ്റുകൾക്ക് സന്ദർശിക്കാൻ ഒട്ടും അനുകൂലമല്ലാത്ത രാജ്യം എന്നാണ് അമേരിക്ക ഉൾപ്പെടെ ഉത്തര കൊറിയയെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും രഹസ്യ സ്വഭാവം കാണിക്കുന്ന രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് വളർത്തുമൃഗങ്ങളെ വളർത്താനും നീല ഡെനിം ധരിക്കാനും നീളമുള്ള മുടി നിലനിർത്താനും ചൂടുവെള്ളം കുടിക്കാനും അനുമതി ആവശ്യമാണ്.

റെസ്റ്റോറന്റുകളിൽ ആവശ്യത്തിന് മാംസം ഉണ്ടെന്ന് ഉറപ്പാക്കാൻ 2020ൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ രാജ്യത്തെ പൗരന്മാരോട് വളർത്തുനായ്ക്കളെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. കൺഫ്യൂഷ്യനിസം, കമ്മ്യൂണിസം, സ്വേച്ഛാധിപത്യം, ഏകാധിപത്യം, രാജവാഴ്ച എന്നിവയുടെ ആശയക്കുഴപ്പമുണ്ടാക്കുന്ന മിശ്രിതരാജ്യമാണ് ഉത്തര കൊറിയ. 

നാളുകളായി ഉയർന്നു കേൾക്കുന്ന രാജ്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിക്കുന്ന പ്രമേയത്തിന്റെ കരട് യുഎൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടിക തന്നെ ചൂണ്ടിക്കാണിച്ച പ്രമേയമായിരുന്നു അത്. ലക്ഷക്കണക്കിന് രാഷ്ട്രീയ തടവുകാരെ തടങ്കൽപ്പാളയങ്ങളിൽ പാർപ്പിക്കുന്നത് മുതൽ പീഡനം, പരസ്യമായ വധശിക്ഷകൾ എന്നിവ വരെ ഉത്തരകൊറിയയ്‌ക്കെതിരെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെടുന്നു.

പക്ഷെ ഉത്തര കൊറിയ ഞായറാഴ്ച തള്ളുകയാണുണ്ടായത്. മാത്രമല്ല ഇത്തരം റിപ്പോർട്ടുകളെയും അത് തയ്യാറാക്കുന്നവരെയും ശത്രുശക്തികളായി കണ്ട് അതിനെ ദൃഢമായി നേരിടാൻ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

യുഎൻ ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റി പ്രമേയം അംഗീകരിച്ച് നാല് ദിവസത്തിന് ശേഷമാണ് പ്രതികരണം ഉണ്ടായതെന്ന് യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. യുഎൻ പാനൽ പ്രതിവർഷം അംഗീകരിക്കുന്ന ഇത്തരത്തിലുള്ള 17-ാമത്തെ പ്രമേയം അടുത്ത മാസം നടക്കുന്ന പൊതുസഭയിൽ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും ഇത് ഉത്തരകൊറിയയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം സൃഷ്ടിക്കുമോ എന്ന് കണ്ടറിയണം.

ശത്രുശക്തികളുടെ ഡിപിആർകെ ( ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ - ഉത്തര കൊറിയയുടെ ഔദ്യോഗിക നാമം) വിരുദ്ധ "മനുഷ്യാവകാശ പ്രമേയം" നിശിതമായി നിരസിക്കുന്നതായി ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു, ഇത് ഡിപിആർകെ വിരുദ്ധ നയത്തിന്റെയും ഇരട്ടത്താപ്പിന്റെയും ഉൽപ്പന്നമാണെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു.

“ഞങ്ങളുടെ സംസ്ഥാനത്തിന്റെ പരമാധികാരം ലംഘിക്കുന്ന ഒരു ശ്രമവും ഞങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല, ഞങ്ങൾക്കെതിരായ ശത്രുശക്തികളുടെ എക്കാലത്തെയും മോശമായ നീക്കങ്ങളെ അവസാനം വരെ ഞങ്ങൾ ദൃഢനിശ്ചയത്തോടെ നേരിടും,” ഉത്തര കൊറിയൻ വക്താവ് നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. 

2014-ൽ, യുഎൻ അന്വേഷണ കമ്മീഷൻ ഒരു വർഷം നീണ്ട അന്വേഷണത്തിന് ശേഷം ഒരു സുപ്രധാന റിപ്പോർട്ട് പുറത്തിറക്കി, "വ്യാപകവും വ്യവസ്ഥാപിതവും മൊത്തത്തിലുള്ളതുമായ" മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരകൊറിയൻ നേതാക്കൾ ഉത്തരവാദികളാണെന്ന് പ്രസ്താവിച്ചു. എന്നാൽ മനുഷ്യാവകാശ വ്യവസ്ഥകളെ കുറിച്ചുള്ള ഏത് ചർച്ചയിലും ഉത്തര കൊറിയ രോഷാകുലരാണ്. ഇതെല്ലം ഭരണത്തെ അട്ടിമറിക്കാനുള്ള യുഎസ് നേതൃത്വത്തിലുള്ള ശ്രമമാണെന്നാണ് ഉത്തര കൊറിയയുടെ പക്ഷം.

Kim Jong Un

ജനങ്ങളുടെ അവകാശങ്ങൾക്കും താൽപ്പര്യങ്ങൾക്കും ഉയർന്നതും സമ്പൂർണ്ണവുമായ മുൻഗണന നൽകുന്നതിനും ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് തങ്ങളുടെ എല്ലാ നയങ്ങളും ഉതകുന്നതെന്ന് ഞായറാഴ്ച ഉത്തര കൊറിയ അവകാശപ്പെട്ടു.

അതേസമയം തന്നെ, സർക്കാരിനോട് വിയോജിക്കുന്നതിനാൽ ഉത്തരകൊറിയയിലെ ആയിരക്കണക്കിന് ആളുകൾ തടവിലാക്കപ്പെടുകയും ലേബർ ക്യാമ്പുകളിലേക്ക് അയക്കുകയും ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത്തരം ആളുകളുടെ മനുഷ്യാവകാശങ്ങളെ കുറിച്ചും ആശങ്കകളുണ്ട്. 

യുണൈറ്റഡ് നേഷൻസ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ട് അനുസരിച്ച് ഉത്തര കൊറിയയിൽ താമസിക്കുന്ന 10 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവുള്ളവരാണ്. രാജ്യത്തെ ആകെ ജനസംഖ്യ 25 ദശലക്ഷമാണ്. ഉത്തര കൊറിയക്കാരിൽ ബഹുഭൂരിപക്ഷത്തിനും അവരുടെ ഉപജീവനമാർഗം താങ്ങാൻ കഴിയുന്നില്ലെങ്കിലും, കിം ജോങ് ഉൻ തന്റെ ആഡംബര ജീവിതത്തിനായി പൊടിക്കുന്നത് കോടികളാണ്. 8 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു ആഡംബര നൗകയും 11.7 മില്യൺ ഡോളർ വിലമതിക്കുന്ന 100 മെഴ്‌സിഡസ് ബെൻസും അദ്ദേഹത്തിനുണ്ട്.

ഭരണാധികാരി ആഡംബര ജീവിതം നയിക്കുമ്പോൾ രാജ്യം അതീവ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. കിഴക്കൻ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന ദാരിദ്ര്യം നിറഞ്ഞ റുവാണ്ടയ്ക്ക് തൊട്ടുമുകളിലുള്ള ഉത്തര കൊറിയയുടെ ജിഡിപി ലോകത്ത് 208-ാം സ്ഥാനത്താണ്.

സർക്കാരിന്റെ ഉൽപ്പാദന ക്വാട്ട സമ്പ്രദായവും വില നിയന്ത്രണ നയങ്ങളും രാജ്യത്തെ സാമൂഹിക ക്ഷേമത്തിന് അസ്തിത്വ ഭീഷണിയാണ്. പൗരാവകാശ ലംഘനവും ക്രൂരമായ ഫെഡറൽ ഭരണവും കാരണം ഉത്തര കൊറിയ പൗരന്മാർക്ക് സുരക്ഷിതമല്ലാത്ത അഭയകേന്ദ്രമാണ്