ജൂണില്‍ പത്ത്​ കോടി ഡോസ്​ കോവിഷീല്‍ഡ്​ വാക്സിന്‍ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യും: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

covi

ന്യൂഡല്‍ഹി: ജൂണില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍വരെ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് വാക്സിന്‍ ഉത്പാദകര്‍ ഇക്കാര്യം അറിയിച്ചത്. 

നിലവിലെ ഉത്പാദനശേഷിയായ 6.5 കോടിയില്‍നിന്ന് ഉത്പാദനം 10 കോടി ഡോസുകളായി വര്‍ദ്ധിക്കുമെന്നാണ് വാഗ്ദാനം. ഇതിനായി ജീവനക്കാര്‍ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്ന് കമ്ബനി കത്തില്‍ അവകാശപ്പെടുന്നു.

മേയ് മാസത്തിലെ 6.5 കോടി ഡോസുകള്‍ എന്നതില്‍നിന്ന് ജൂണില്‍ ഒന്‍പത് മുതല്‍ പത്ത് കോടിവരെ ഡോസുകള്‍ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുന്നുവെന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ (ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ്) പ്രകാശ് കുമാര്‍ സിംഗ് അറിയിച്ചു.  
 

വാക്സിന്‍ വിഷയത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയും നിര്‍ദേശങ്ങളും നല്‍കിയതിന് പ്രകാശ് സിങ് അമിത് ഷായ്ക്ക് നന്ദിയും പറഞ്ഞു. മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


നിലവില്‍ രാജ്യത്തുതന്നെ നിര്‍മിക്കുന്ന കോവിഡ് വാക്‌സിനുകളാണ് ഇന്ത്യയില്‍ കുത്തിവച്ചുകൊണ്ടിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്‌സിന്‍ എന്നിവയാണ് നിലവില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് കുത്തിവെക്കുന്നത്. 

റഷ്യയുടെ സ്പുട്‌നിക്ക് V വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. വളരെ കുറച്ച് സ്വകാര്യ ആശുപത്രികളില്‍മാത്രമാണ് നിലവില്‍ അത് ഉപയോഗിക്കുന്നത്.