നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

accident
 മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നര്‍മ്മദാ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം. നിരവധി പേര്‍ക്ക് പരിക്കും. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര റോഡ് വേയ്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പുണെയിലേക്കുള്ള ബസ് ധാര്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ഖല്‍ഘട്ട് സഞ്ജയ് സേതുവില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബസില്‍ 40 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നും ഇതുവരെ 13 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.'അപകടസ്ഥലത്ത് ജില്ലാ ഭരണകൂടം സംഘം ഉണ്ട്. ബസ് നദിയില്‍ നിന്നും നീക്കം ചെയ്തു. ഞാന്‍ ഖാര്‍ഗോണും ധാര്‍ ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,'- മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റില്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും നടുക്കം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.