സമുദ്രാർതിർത്തി ലംഘിച്ചതിന്16 ഇന്ത്യക്കാർ ഗിനിയിൽ അറസ്റ്റിൽ; വിസ്മയയുടെ സഹോദരൻ വിജിത്തും ഉൾപ്പെടുന്നു

sea
 

ദില്ലി: സമുദ്രാർതിർത്തി ലംഘിച്ചതിന് 3 മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ ആഫ്രിക്കൻ രാജ്യമായ എക്വറ്റോറിയൽ ഗിനിയിൽ അറസ്റ്റിലായി. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്തും അറസ്റ്റിലായവരിൽ  ഉൾപ്പെടുന്നുണ്ട്. ഓഗസ്റ്റ് 12 മുതൽ ഇക്വറ്റോറിയൽ ഗിനിയിലെ നേവിയുടെ തടവിലാണ് വിജിത്ത് ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ. സമുദ്രാതിർത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാർ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയൽ ഗിനി പിടികൂടുകയായിരുന്നു. നൈജീരിയയുടെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. 


മലയാളികൾ ഉൾപ്പെടെയുള്ളവർ തടവിലായിട്ട് 4 മാസമായെങ്കിലും സംഭവത്തിൽ ഇതുവരെ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടില്ല. ഇക്വറ്റോറിയൽ ഗിനിയുടെ തലസ്ഥാനമായ മാലോബോയിലാണ് സംഘം. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പൽ. തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയൽ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. രാജ്യാതിർത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളർ പിഴയും ചുമത്തി. ഈ തുക അടച്ചെങ്കിലും ഇതിനു പിന്നാലെ തങ്ങളെ നൈജീരിയൻ നേവിക്ക് കൈമാറാൻ നീക്കം നടക്കുന്നതായി തടവിലാക്കപ്പെട്ടവർ ആരോപിച്ചു.