ഇറ്റലിയില്‍ നിന്ന് അമൃത്സറിലെത്തിയ വിമാനത്തിലെ 173 യാത്രക്കാര്‍ക്ക് കോവിഡ്

173 Onboard  Italy-India Flight Test Covid Positive In Amritsar
 

ന്യൂഡൽഹി: ഇറ്റലിയിലെ റോമിൽ നിന്ന് അമൃത്സറിലെത്തിയ 170ലേറെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 285 യാത്രക്കാരുമായെത്തിയ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വിമാനത്താവളത്തിലെ അധികൃതർ വ്യക്തമാക്കി.

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് ഇവരെ മാ‌റ്റും.

285 യാത്രക്കാരുമായി റോമിൽ നിന്നെത്തിയ വിമാനത്തിലെ 173 യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡയറക്ടർ വികെ സേഥിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും പരിശോധന തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വ്യാഴാഴ്‌ചയും മിലാനില്‍ നിന്ന് അമൃത്‌സറിലെത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് രോഗം വളരെയധികം ഗുരുതരമായ രാജ്യമാണ് ഇറ്റലി. ഇവിടെനിന്നും പോര്‍ച്ചുഗീസ് കമ്ബനിയായ യൂറോ അറ്റ്‌ലാന്റിക് എയര്‍വെയ്‌സിന്റെ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ ഭൂരിഭാഗം യാത്രക്കാര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.