
ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. ചില കമ്പനികളോട് നിർമാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഭൂരിഭാഗം കമ്പനികളും പ്രവർത്തിക്കുന്നത്. ഗുണനിലവാരമില്ലാത്ത മരുന്ന് ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് വിറ്റതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്ത് നടത്തിയ വ്യാപക പരിശോധനയ്ക്ക് പിന്നാലെയാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടി.
മരുന്നിന്റെ ഗുണനിലവാരം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ 20 സംസ്ഥാനങ്ങളിലെ 76 കമ്പനികളിൽ പരിശോധന നടത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് നടപടിയെടുത്തത്.
കഴിഞ്ഞ പതിനഞ്ചു ദിവസത്തോളമായി ആന്ധ്രാപ്രദേശ്, ബീഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, പഞ്ചാബ്, രാജസഥാൻ, തെലങ്കാന, സിക്കിം, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബെംഗാൾ തുടങ്ങിയവിടങ്ങളിൽ ഡി.സി.ജി.ഐ പരിശോധന നടത്തിവരികയായിരുന്നു.