രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി: മധ്യപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ

rahul
 

ഇൻഡോർ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്‍ഡോറിലെത്തിയ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് സംഘം ഹരിയാനയിലേക്ക് പോയിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കത്ത് ലഭിച്ചത്. ഭാരത് ജോഡോ യാത്ര ഇൻഡോറിൽ പ്രവേശിച്ചാൽ‌ രാഹുൽ ഗാന്ധിയെ ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്ന് ഭീഷണിക്കത്തിൽ പറയുന്നു. പിതാവ് രാജീവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുൽ ഗാന്ധിയ്ക്കും കാത്തിരിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. 1984ലെ സിഖ് കലാപവും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
 
രാഹുലിന് പുറമേ കോൺഗ്രസ് മധ്യപ്രദേശ് തലവൻ കമൽ നാഥിനെതിരെയും ഭീഷണിയുണ്ടായിരുന്നു.ഗുരുനാനാക്ക് ജയന്തിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ഖൽസ സ്റ്റേഡിയത്തിൽ കമൽനാഥിനെ ഈ മാസമാദ്യത്തിൽ ആദരിച്ചത് വിവാദമായിരുന്നു.

ഭാരത് ജോഡോ യാത്ര മധ്യപ്രദേശ് ഇൻഡോറിലെ സിറ്റി സ്റ്റേഡിയത്തിൽ താമസിച്ചാൽ ബോംബ് സ്ഫോടമുണ്ടാകുമെന്നായിരുന്നു അജ്ഞാത കത്ത്. നവംബർ 28ന് രാഹുലും സംഘവും സ്റ്റേഡിയത്തിൽ തങ്ങിയാൽ സ്ഫോടനമുണ്ടാകുമെന്നാണ് നഗരത്തിലെ ഒരു ഷോപ്പിൽ തപാൽ മാർഗം ലഭിച്ച കത്തിൽ പറഞ്ഞിരുന്നത്.