കശ്മീരിലെ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറ്റശ്രമം; മൂന്നു ഭീകരരെ വധിച്ച് ഇന്ത്യന്‍ സേന

jammu
 

ശ്രീനഗർ: കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് സേന. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. എകെ– 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. 

രാവിലെ പത്തുമണിയോടെയാണ് പൂഞ്ച് സെക്ടറിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. പീർപഞ്ചൽ താഴ്‌വരയിൽ ഭീകരരുടെ സാന്നിധ്യം ആദ്യം സൈന്യം സ്ഥിരീകരിച്ചു. പിന്നാലെ ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുള്ള ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സേന വധിച്ചത്. 

രണ്ട് എകെ-47 തോക്കുകൾ, ഒരു പിസ്റ്റൾ എന്നിവ കണ്ടെടുത്തു. ഇവർ ഇന്ത്യൻ ഭാഗത്തേക്ക്‌ നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നുവെന്ന് സേന അറിയിച്ചു. കൂടുതൽ ഭീകരർ ഉണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്.