300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു; വിശദീകരണവുമായി ജില്ലാ മജിസ്‌ട്രേറ്റ്

300-yr-old temple bulldozed in Rajasthan's Alwar, DM justifies
 

ജയ്പൂർ: വികസനത്തിനെന്ന വ്യാജേന രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ 300 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ച സംഭവത്തിൽ വിശദീകരണവുമായി ജില്ലാ മജിസ്‌ട്രേറ്റ് ശിവപ്രസാദ് നകേത്. ക്ഷേത്രവും പ്രദേശത്തെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത് വിവാദമായതോടെയാണ് ന്യായീകരണവുമായി ജില്ലാ മജിസ്‌ട്രേറ്റ് എത്തിയത്. 

ക്ഷേത്രം തകർക്കുന്നതിന് മുൻപ് പൂജാരിമാർ വിഗ്രഹങ്ങൾ മറ്റൊരിടത്തേയ്‌ക്ക് മാറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ക്ഷേത്രം പൊളിച്ചുമാറ്റിയതിൽ ഹിന്ദു വിശ്വാസികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശിവക്ഷേത്രത്തിന് പുറമെ 86 വീടുകളും അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. വീടുകൾ തകർത്തതിനെ തുടർന്ന് പട്ടിണിയിലാണെന്നും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
 
സംഭവത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. പൊളിച്ചുമാറ്റിയ സ്ഥലത്ത് 'ഗൗരവ് പാത' എന്ന പേരില്‍ ഒരു റോഡ് പ്രഖ്യാപിച്ചത് ബിജെപി മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെയാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ബിജെപി ഭരിക്കുന്ന രാജ്ഗഡ് ടൗണിലെ മുനിസിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനമാണ് നടപ്പാക്കിയത്. രാജ്ഗഡ് മുനിസിപ്പല്‍ കൗണ്‍സിലിലെ 35 അംഗങ്ങളില്‍  34 പേരും ബിജെപിയാണെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു. 

സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാനില്ല. അവര്‍ സര്‍ക്കാരിനോട് ആലോചിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. -രാജസ്ഥാന്‍ നഗരവികസന, ഭവന വകുപ്പ് മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു. 

ശിവക്ഷേത്രമുള്‍പ്പെടെ രണ്ട് ക്ഷേത്രങ്ങള്‍ കൈയേറ്റ സ്ഥലത്താണെന്നും പൊളിക്കുന്നതിന് മുമ്പ് ക്ഷേത്രത്തിലെ പൂജാരിമാരോട് വിഗ്രഹങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊളിക്കല്‍ നടന്ന ദിവസം  പ്രാദേശിക കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണ ഇതിനെതിരെ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്ന് ബിജെപി ആരോപിച്ചു. സംഭവം അന്വേഷിക്കുന്നതിനായി ബിജെപി  അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു.