ഡൽഹിയിൽ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; 433 ശതമാനത്തിലധികം വർധനവ്

google news
india covid
 

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകളിൽ വൻ വർധന.  433 ശതമാനത്തിലധികം വർധനവാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് 30 ന് 932 കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ അത് ഏപ്രിൽ 17 ആയപ്പോഴേയ്ക്കും 4,976 പേരായി. കഴിഞ്ഞ 19 ദിവസത്തിനിടെ ഡൽഹിയിൽ  13,200 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇതിൽ ഞായറാഴ്ച മാത്രം കോവിഡ് ചികിത്സ തേടിയ രോഗികളുടെ എണ്ണം 5,297 ആയിരുന്നു.

ഡൽഹിയിൽ കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണെന്നാണ് റിപ്പോർട്ട്.  എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വാക്സീനുകളുടെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.  മാത്രമല്ല അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ കോവിഡ് കേസുകളിൽ വർധനവ് ഉണ്ടാകുമെന്ന് എൽഎൻജെപി ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടർ സുരേഷ് കുമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
 
മാർച്ച് 30 മുതൽ ഏപ്രിൽ 17 വരെയുള്ള കാലയളവിൽ മുപ്പതിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ 15 ന് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  അതുപോലെ ഡൽഹിയിൽ ഇന്നലെ 1017 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 32.25 ശതമാനമായി ഉയർന്നിട്ട്. ഇത് കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് എന്നത് ശ്രദ്ധേയം. കഴിഞ്ഞ വർഷം ജനുവരിയിൽ 30.6 ശതമാനം പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്.
 
ഇതോടെ ഡൽഹിയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20,24,244 ആയിട്ടുണ്ട്. മരണസംഖ്യ 26,567 ആയി ഉയർന്നിട്ടുണ്ട്. ഏഴ് മാസങ്ങൾക്കിടെ ആദ്യമായാണ് ഏപ്രിൽ 12 ന് ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നത്. പിന്നെ അങ്ങോട്ട് എല്ലാ ദിവസവും കേസുകൾ ആയിരത്തിനു മുകളിലാണ്. 

രാജ്യത്ത് എച്ച് 3 എൻ 2 ഇൻഫ്ലുവൻസ കേസുകൾ ഉയരുന്നതിനിടയിലാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇത്രയും വർദ്ധനവ് ഉണ്ടായിരിക്കുന്നത്.  കേസുകളിലെ വർധനവ് സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ സർക്കാർ തയ്യാറാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കിയിട്ടുണ്ട്.

Tags