
ന്യൂഡൽഹി: കൽക്കരിക്ഷാമം കടുത്ത വൈദ്യതി പ്രതിസന്ധിക്കു വഴിതെളിച്ച സാഹചര്യത്തിൽ കൽക്കരി നീക്കം വേഗത്തിലാക്കാൻ ട്രെയിനുകൾ റദ്ദാക്കി കേന്ദ്രസർക്കാർ. വിവിധ സംസ്ഥാനങ്ങളിലായി 657 മെയിൽ, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.
രാജ്യത്ത് കൽക്കരി പ്രതിസന്ധി രൂക്ഷമായതോടെ യുദ്ധകാലാടസ്ഥാനത്തിൽ കൽക്കരി എത്തിക്കാനുള്ള ശ്രമമാണ് റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇതിനായി 42 പാസഞ്ചർ ട്രെയിനുകൾ നേരത്തെ റദ്ദാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലെയും വൈദ്യുതി നിലയങ്ങളിലെ സ്റ്റോക്ക് വളരെ കുറവായതിനാലാണ് ഇത്തരം നടപടി. താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ശേഖരം കുറയുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നാണ് റെയിൽവേ അധികൃതർ അറിയിക്കുന്നത്.
മേയ് 24 വരെയാണ് റദ്ദാക്കൽ നടപടി. കൽക്കരിയുമായി പോകുന്ന ട്രെയിനുകളുടെ യാത്ര വേഗത്തിലാക്കാനാണ് വിവിധ സംസ്ഥാനങ്ങളിലെ ട്രെയിനുകൾ റദ്ദാക്കിയത്. 657 ട്രെയിനുകളിൽ അഞ്ഞൂറിൽ കൂടുതലും ദീർഘദൂര മെയിൽ, എക്സ്പ്രസ് ട്രെയിനുകളാണ്. 148 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, ട്രെയിനുകൾ നിർത്തലാക്കിയത് താൽക്കാലികമാണെന്നും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്നും ഇന്ത്യൻ റെയിൽവേ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗൗരവ് ക്രിഷ്ണ ബൻസാൽ പ്രതികരിച്ചു.