എയര്‍ ഇന്ത്യ വിമാനത്തില്‍ എട്ടുവയസുകാരിയോട് മദ്യപന്റെ അതിക്രമം; സംഭവം നടന്നത് മുംബൈ ലണ്ടന്‍ വിമാനത്തില്‍

air india
 

ന്യൂ ഡല്‍ഹി: എയര്‍ ഇന്ത്യ മുംബൈ ലണ്ടന്‍ വിമാനത്തിലും മദ്യപന്റെ അതിക്രമം. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം നടന്നത്.
തൊട്ടടുത്ത സീറ്റിലിരുന്ന എട്ട് വയസുകാരിയോടാണ് മദ്യപന്‍ അപമര്യാദയായി പെരുമാറിയത്. 

ഇതു ശ്രദ്ധയില്‍പെട്ട കുട്ടിയുടെ അമ്മയും സഹോദരനും എതിര്‍ത്തപ്പോള്‍ ഇയാള്‍ പ്രകോപിതനായി. തുടര്‍ന്ന് അതിക്രമം നടത്തിയ ആളെ വിമാനത്തില്‍ കെട്ടിയിട്ടു. പിന്നീട് പ്രതിയെ ലണ്ടന്‍ പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വിമാനത്തില്‍ അളവില്‍ കൂടുതല്‍ മദ്യം നല്‍കിയെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു.

അതേസമയം, എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പട്യാല ഹൗസ് കോടതി പതിനാല് ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ വിമാനത്തിലെ പൈലറ്റ് ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.