റെയിൽപാളത്തിലോ എൻജിന് സമീപത്തുനിന്നോ സെൽഫിയെടുത്താൽ 2000 രൂപ പിഴ

train

ചെന്നൈ: റെയിൽപാളത്തിലോ എൻജിന് സമീപത്തുനിന്നോ സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അറിയിച്ചു. വാതിൽപ്പടിയിൽ യാത്ര ചെയ്താൽ മൂന്നു മാസം തടവോ 500 രൂപ പിഴയോ ഈടാക്കും.

ആഴ്ചകൾക്ക് മുമ്പ് ചെങ്കൽപേട്ടിന് സമീപം റെയിൽ പാളത്തിൽ നിന്ന് ഇൻസ്റ്റഗ്രാം റീലിനായി പോസ് ചെയ്യുന്നതിനിടെ എക്സ്പ്രസ് ട്രെയിൻ തട്ടി മൂന്ന് വിദ്യാർഥികൾ മരിച്ചിരുന്നു. ഇതേതുടർന്നാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

ഒരു വർഷത്തിനിടെ വാതിൽപ്പടിയിൽ യാത്ര ചെയ്ത 767 പേർക്കെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്.

സബർബൻ സ്റ്റേഷനുകളിലും പരിസരങ്ങളിലും അതിക്രമിച്ച് കടക്കുന്നതിനും സെൽഫിയെടുക്കുന്നതിനും പ്രതിദിനം കുറഞ്ഞത് 5 മുതൽ 10 പേർക്ക് പിഴ ചുമത്തുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേയുടെ പ്രസ്താവനയിൽ പറയുന്നു.