ക്രിക്കറ്റ് കളിക്കുന്നതിനിടെ നടൻ ദീപേഷ് ഭാൻ കുഴഞ്ഞുവീണ് മരിച്ചു

6
പ്രമുഖ ടെലിവിഷൻ താരം ദീപേഷ് ഭാൻ (41) കുഴഞ്ഞുവീണ് മരിച്ചു. ദഹിസറിലെ വീട്ടില്‍ രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ താരം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് ഇതുവരെ പരസ്യമാക്കിയിട്ടില്ല. ജിമ്മിന് ശേഷം ക്രിക്കറ്റ് കളിക്കുന്നത് ദീപേഷിന്റെ ഫിറ്റ്നസ് ദിനചര്യയുടെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഭാര്യയും എട്ട് മാസം പ്രായമുള്ള മകനുമുണ്ട്. ‘ഭാബിജി ഘർ പർ ഹേ’ എന്ന സീരിയലിലെ ‘മൽഖാൻ’ എന്ന കഥാപാത്രത്തിലൂടെയാണ് താരം ജനപ്രിയനായത്. ‘താരക് മേത്ത കാ ഉൽട്ടാ ചഷ്മ’, മേയ് ഐ കം ഇൻ മാഡം’ തുടങ്ങിയ സീരിയലുകളിലും ദീപേഷ് അഭിനയിച്ചിട്ടുണ്ട്. ‘കോമഡി കാ കിങ് കൗൺ’, ‘കോമഡി ക്ലബ്’, ‘ഭൂത്‌വാല’, ‘എഫ്‌ഐആർ’, ‘ചാമ്പ്’, ‘സൺ യാർ ചിൽ മാർ’ എന്നീ ടിവി ഷോകളിലും ഭാഗമായിരുന്നു.