രാഷ്ട്രപത്‌നി' പരാമർശം; 'സംഭവിച്ചത് നാക്ക് പിഴ'; മാപ്പ് പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി, ദ്രൗപദി മുർമുവിന് കത്തയച്ചു

Controversial statement- NCW registered case against Adhir Ranjan Choudhury
 

ന്യൂഡൽഹി: രാഷ്ട്രപത്‌നി പരാമർശത്തിൽ മാപ്പുപറഞ്ഞ് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. നാക്കുപിഴയാണ് സംഭവിച്ചതെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

പിഴവ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജന്‍ ചൗധരി കത്തില്‍ പറയുന്നുണ്ട്. അധിർ രഞ്ജന്‍ ചൗധരിവിന‍റെ വിവാദ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. 

സോണിയാ ഗാന്ധിക്കെതിരായ ഇ.ഡി നടപടിക്കെതിരെ പാർലമെന്റിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെ ഒരു ഹിന്ദി ചാനലിന് നൽകിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിർ രഞ്ജൻ ചൗധരി രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ചത്. വിവാദമായതോടെ ബംഗാളിയായ തനിക്ക് ഹിന്ദി നന്നായി വഴങ്ങാത്തതുകൊണ്ട് സംഭവിച്ച നാക്കുപിഴയാണെന്നും അത് സംപ്രേഷണം ചെയ്യരുതെന്ന് റിപ്പോർട്ടറോട് പറഞ്ഞിരുന്നുവെന്നും അധിർ രഞ്ജൻ ചൗധരി വിശദീകരിച്ചിരുന്നു.

മകൾക്കെതിരായ ബാർ ഹോട്ടൽ വിവാദം കത്തിച്ച കോൺഗ്രസിനെതിരെ അധിർ രഞ്ജൻ ചൗധരിയുടെ പരാമർശം ആയുധമാക്കി സ്മൃതി ഇറാനി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സോണിയാ ഗാന്ധിയാണ് അധിർ രഞ്ജൻ ചൗധരിയെക്കൊണ്ട് ഇങ്ങനെ പറയിച്ചതെന്നും സോണിയ മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സോണിയയെ സംരക്ഷിക്കാൻ കോൺഗ്രസ് അംഗങ്ങളും രംഗത്ത് വന്നതോടെ പ്രക്ഷുബ്ധമായ രംഗങ്ങൾക്കാണ് പാർലമെന്റ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.