ലഖിംപൂര്‍ ഖേരി കേസില്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം

ashish-mishra
 

ന്യൂ ഡല്‍ഹി:  ലഖിംപൂര്‍ ഖേരി കേസില്‍ പ്രധാനപ്രതിയായ ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ എട്ട് ആഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കകം യുപി വിടണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. 

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. 2021 ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ 4 കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് 2021 ഒക്ടോബര്‍ ഒമ്പതിനാണ് കേസില്‍ ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ആശിഷ് മിശ്രയ്‌ക്കെതിരെ സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിരുന്നു.