എം.എൽ.എമാർക്ക് ബി.ജെ.പി 20 കോടി രൂപ വാഗ്ദാനം ചെയ്തു; ആംആദ്മി നേതാക്കൾ രാഷ്ട്രപതിക്ക് പരാതി നൽകും

aravind kejri
 

ന്യൂഡൽഹി: കൂറുമാറാൻ എം.എൽ.എമാർക്ക് ബി.ജെ.പി 20 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി നൽകും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുളള സംഘമാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക. 

ഡൽഹി സർക്കാറിനെ വീഴ്ത്താൻ ബി.ജെ.പി ആംആദ്മി എം.എൽ.എമാർക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തെന്നുമാണ് ആംആദ്മി പാർട്ടിയുടെ പരാതി.

2021-22 എക്‌സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബി.ജെപിക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. ബിജെപി തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും കേസുകൾ പിൻവലിക്കാമെന്ന് ഉറപ്പ് തന്നതായും അദ്ദേഹം വെളിപ്പെടുത്തി. 

നിയമസഭാംഗങ്ങളായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ സ്വാധീനിക്കാൻ ബിജെപി നേതാക്കൾ ശ്രമിച്ചതായി എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു.