ജോഡോ യാത്രയിൽ കെജിഎഫ് 2 മ്യൂസിക്; കോൺഗ്രസിന്‍റെ ട്വിറ്റർ അക്കൗണ്ടുകൾക്ക് താൽക്കാലിക പൂട്ട്

Bengaluru court directs Twitter to temporarily block the accounts of Congress party and Bharat Jodo Yatra
 

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ട്വിറ്ററിന് ബെംഗളൂരു കോടതിയുടെ നിർദ്ദേശം. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിഡിയോകളിൽ പകർപ്പവകാശം ലംഘിച്ച് കന്നഡ സിനിമയായ കെജിഎഫ് ടുവിൽനിന്നുള്ള സംഗീതം ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിലാണ് കോടതി നടപടി.

കെ.ജി.എഫ്.-2ലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കെതിരെയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെയുമാണ് കമ്പനി നേരത്തെ പരാതി നല്‍കിയിരുന്നത്. കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പവകാശം ലഭിക്കാന്‍ കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് കമ്പനി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത്, ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എം.ആര്‍.ടി. മ്യൂസിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു. പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 
ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ ഈ നടപടി നിയമവ്യവസ്ഥയോടും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യതയോടുമുള്ള അവരുടെ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. അതേസമയം തന്നെയാണ് സാധാരണക്കാർക്കും വ്യവസായ സംരംഭങ്ങൾക്കുമെല്ലാം നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് രാജ്യം ഭരിക്കാൻ ഇതേ യാത്രയിലൂടെ അവർ അവസരം തേടുന്നതെന്ന്  അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
 

അതേസമയം, ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. കർണാടകയിലെ യശ്വന്ത്പുർ പൊലീസാണ് പകർപ്പവകാശ നിയമപ്രകാരം രാഹുൻ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവർക്കെതിരെ കേസെടുത്തത്. എംആർടി മ്യൂസികിന്റെ പരാതിയിലാണ് കേസ്.