കശ്മീരിലെ രജൗറിയില്‍ സ്‌ഫോടനം; കുട്ടി മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

kashmir attack
 

ന്യൂ ഡല്‍ഹി: ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ ഇന്നലെ ഭീകരര്‍ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഗ്രാമത്തില്‍ സ്‌ഫോടനം. അപ്പര്‍ ധാംഗ്രിയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം ഇന്നലെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപത്താണ് ഇന്ന് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേര്‍ അത്യാസന്ന നിലയിലാണ്. പത്തോളം പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്.

തോക്കുമായെത്തിയ രണ്ട് തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ഭീകരരുടെ ആക്രമണത്തില്‍ ഇന്നലെ തന്നെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. ഇവരിലൊരാള്‍ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. പരിക്കേറ്റ മറ്റുള്ളവരെ വിദഗ്ധ ചികിത്സയ്ക്കാണ് രജൗരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഡിസംബര്‍ 16ന് നടന്ന ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.