ഗോവയിലേക്കുള്ള വിമാനത്തിന് ബോംബ് ഭീഷണി; വി​മാ​നം അടിയന്തരമായി ജാം​ന​ഗ​റി​ലി​റ​ക്കി

flight
 

മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള ചാർട്ടേർഡ് വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ഗുജറാത്തിലെ ജാംനഗറില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 244 പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന അസൂർ എയർ വിമാനത്തിന് ബോംബ് ഭീഷണിയെന്ന് എംബസിക്ക് അറിയിപ്പ് ലഭിച്ചെന്ന് റഷ്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. വിമാനം ജാംനഗർ ഇന്ത്യൻ എയർഫോഴ്‌സ് ബേസിൽ അടിയന്തരമായി ഇറക്കിയെന്നും റഷ്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. ഇന്നലെ രാത്രി 9:49നാണ് വിമാനം ജാംനഗറില്‍ ലാന്‍ഡ് ചെയ്തത്.

236 യാത്രക്കാരെയും 8 വിമാന ജീവനക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും ചേർന്ന് വിമാനം പരിശോധിച്ചു വരികയാണെന്ന് രാജ്‌കോട്ട് റേഞ്ച് ഐ.ജി അശോക് കുമാർ യാദവ് പറഞ്ഞു. വിമാനം ഐസൊലേഷൻ ബേയിലാണെന്ന് ജാംനഗർ വിമാനത്താവള അധികൃതർ അറിയിച്ചു.