ബഫര്‍ സോണ്‍: കേരളത്തിന് ആശ്വാസം, ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി

തിരുവനന്തപുരം: ബഫര്‍ സോണില്‍ കേരളത്തിന് ആശ്വാസം. ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജികള്‍ ഒന്നിച്ച് തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്നിലെ കോടതി വിധിയില്‍ ഇളവു തേടിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ കേരളം കക്ഷി ചേര്‍ന്നിരുന്നു. കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ജഗദീപ് ഗുപ്ത, കര്‍ഷക സംഘടനകള്‍ക്ക് വേണ്ടി അഭിഭാഷകന് വീല്‍സ് മാത്യു, വി കെ ബിജു എന്നിവര്‍ കോടതിയില്‍ ഹാജരായി. ജസ്റ്റിസ് ബി ആര് ഗവായ് അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 17 വന്യജീവി സങ്കേതങ്ങള്‍,ആറ് ദേശീയോദ്യാനങ്ങള്‍ എന്നിവയ്ക്കുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച രൂപരേഖ കേന്ദ്രസര്‍ക്കാരിന് നല്‍കിക്കഴിഞ്ഞതായും, വിധി നടപ്പാക്കിയാല്‍ മംഗളവനം പക്ഷിസങ്കേതത്തിന്റെ 200 മീറ്റര്‍ മാത്രം അകലെയുള്ള കേരള ഹൈക്കോടതിയെ ഉള്‍പ്പെടെ ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.