ത്രിപുരയില്‍ സീറ്റ് ധാരണയായി; സിപിഎമ്മിന് 43 സീറ്റിൽ മത്സരിക്കും, കോൺഗ്രസിന് 13

CPIM Congress will together fight for Thripura assembly election 2023
 


അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം - കോൺഗ്രസ് സീറ്റ് ധാരണയായി.സിപിഎം 43 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കും.


ആകെ 60 സീറ്റുകളിലേക്കാണ് മത്സരം. അവശേഷിക്കുന്ന നാല് സീറ്റുകളിൽ ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇടതുപക്ഷം നിർത്തും. ബാക്കിയുള്ള മൂന്നിടത്ത് സിപിഐ, ഫോർവേഡ് ബ്ലോക്, ആർഎസ്‌പി എന്നീ പാർട്ടികൾ മത്സരിക്കും. 

മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കില്ല. മണിക് സർക്കാർ സ്ഥിരമായി മത്സരിച്ച് ജയിച്ചിരുന്ന ധാൻപൂർ നിയമസഭാ സീറ്റിൽ ഇത്തവണ സിപിഎമ്മിന്റെ പുതുമുഖ സ്ഥാനാർത്ഥി കൗശിക് ചന്ദ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പട്ടികയില്‍ 24 പേര്‍ പുതുമുഖങ്ങളാണ്. എട്ട് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റില്ല.
 
അതേസമയം ഇടത് പാർട്ടികളും കോൺഗ്രസും പരസ്പര ധാരണയോടെ മത്സരിക്കുമ്പോൾ സംസ്ഥാനത്ത് തിപ്ര മോത പാർട്ടിയുമായി ഇവർ യാതൊരു ധാരണയും പുലർത്തില്ല.
 

പങ്കാളിത്ത പെന്‍ഷന്‍ മാറ്റി പഴയ പെൻഷൻ രീതിയിലേക്ക് തിരികെ പോകുമെന്നാണ് സി.പി.എമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർ വോട്ടെടുപ്പിൽ നിർണായക ശക്തിയാണ്. ഇവരുടെ വോട്ട് ഉറപ്പിക്കാനാണ് പങ്കാളിത്ത പെൻഷൻ രീതി ഉപേക്ഷിക്കുമെന്ന് പറയുന്നതിലൂടെ സി.പി.എം ശ്രമം. ബി.ജെ.പി പ്രതിരോധത്തിലാകുന്നത് പെൻഷൻ, തൊഴിലില്ലായ്മ എന്നീ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുമ്പോഴാണ്. ഈ ദൗർബല്യം വോട്ടാക്കി മാറ്റാനാണ് കോൺഗ്രസിന്റെയും സി.പി.എമ്മന്‍റെയും ശ്രമം.