രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ ജയിൽ മോചനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രം

supreme court
 

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളുടെ ജയിൽ മോചനം അനുവദിച്ച സുപ്രീം കോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം അഭ്യർഥിച്ചു. 1991ൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ആറു പ്രതികളെ വിട്ടയയ്ക്കാൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

പിന്നാലെ നളിയും ഭർത്താവ് മുരുഗനും (ശ്രീഹരൻ) ഉൾപ്പെടെ ആറുപേർ ജയിൽ മോചിതരായി. മോചന നടപടി ഉത്തരവ് വിശദമായി വാദം കേൾക്കാതെയാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ ആറുപേരിൽ 4 പേർ ശ്രീലങ്കൻ പൗരന്മാരാണ്. രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെ വധിച്ച തീവ്രവാദികളാണ് ഇവരെന്നും കേന്ദ്രം നൽകിയ ഹർജിയിൽ പറയുന്നു.

31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഇവർ പുറത്തിറങ്ങിയത്. ജയിൽമോചിതരായ ശ്രീലങ്കൻ പൗരൻമാരെ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക ക്യാംപിൽ കഴിയുന്ന മുരുകൻ എന്ന ശ്രീഹരൻ ,ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെയാണ് നാടുകടത്തുക. നളിനിയും ഭര്‍ത്താവ് മുരുകനും ഡോക്ടറായ മകള്‍ക്കൊപ്പം ലണ്ടനിലേക്ക് താമസം മാറിയേക്കുമെന്നും വിവരമുണ്ട്.

കേസിലെ മറ്റൊരു പ്രതിയായ എ.ജി. പേരറിവാളൻ കഴിഞ്ഞ മെയ് 18-ന് ജയിൽ മോചിതനായിരുന്നു. സമാനവകുപ്പ് പ്രകാരമാണ് പേരറിവാളനെയും സുപ്രിംകോടതി മോചിപ്പിച്ചത്.