മങ്കിപോക്സ് വാക്സിൻ വികസിപ്പിക്കാൻ കേന്ദ്രം; മരുന്നു കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു

 monkeypox
 

ന്യൂഡല്‍ഹി: മങ്കിപോക്സ് വാക്സീൻ വികസിപ്പിക്കാൻ കേന്ദ്രം. വാക്സീൻ വികസിപ്പിക്കുന്നതിനായി മരുന്നു കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. പരിശോധനാ കിറ്റ് വികസിപ്പിക്കാനും കേന്ദ്രം താൽപര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം പത്തിനകം താൽപര്യപത്രം സമർപ്പിക്കാനാണ് നിർദേശം.


വാക്‌സിനും ടെസ്റ്റിംഗ് കിറ്റും സ്വകാര്യ-പൊതു പങ്കാളിത്ത മോഡിൽ നിർമ്മിക്കും. ടെൻഡറിൽ പങ്കെടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. കുരങ്ങുവസൂരിക്കുള്ള വാക്‌സിൻ നിർമിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വാക്സിൻ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും അണുബാധ നിയന്ത്രണാതീതമാകുന്നത് തടയുകയും ചെയ്തതായി ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

രാജ്യത്ത് ഇതുവരെ നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് എണ്ണം കേരളത്തിലും ഒരെണ്ണം ഡൽഹിയിലുമാണ് സ്ഥിരീകരിച്ചത്.

കേരളത്തിന് പുറത്ത് രോഗബാധ റിപ്പോർട്ട് ചെയ്തതും വിദേശ യാത്ര നടത്താത്ത ആൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ നിർദേശിച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.