യു.പിയില്‍ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ബിജെപി നേതാവിന്‍റെ വീട്ടിൽ കണ്ടെത്തി

Child Stolen From UP Train Station Found At BJP Leader's Home
 

ലഖ്നൗ: മഥുര റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ബി.ജെ.പി നേതാവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തി. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഫിറോസാബാദിലാണ് കുട്ടിയെ കണ്ടെത്തിയത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.

ബി.ജെ.പി. നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വിനീത അഗര്‍വാളും ഭര്‍ത്താവും 1.8 ലക്ഷം രൂപയ്ക്ക് രണ്ടു ഡോക്ടര്‍മാരില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി വില്‍പന നടത്തുന്ന വന്‍ സംഘത്തിന്റെ ഭാഗമാണ് ഈ ഡോക്ടര്‍മാരെന്നും പോലീസ് പറയുന്നു. ബി.ജെ.പി. നേതാവിനും ഭര്‍ത്താവിനും നിലവില്‍ ഒരു മകളുണ്ട്. ഒരു ആണ്‍ കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് ഇവര്‍ കുഞ്ഞിനെ വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി.

പ്ലാറ്റ്‌ഫോമിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കുമ്പോള്‍ സിസിടിവിയില്‍ പതിഞ്ഞ ആളെ ഉൾപ്പെടെ 8 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ പൊലീസ് മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി. ഡോക്ടർമാരിൽ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തു.

 
'ദീപ് കുമാര്‍ എന്നയാളാണ് കുട്ടിയെ പ്ലാറ്റ് ഫോമില്‍ നിന്ന് എടുത്ത് കൊണ്ടുപോയത്. ഹത്രാസ് ജില്ലിയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സംഘത്തിന്റെ ഭാഗമായ രണ്ട് ഡോക്ടര്‍മാരുടേതാണ് ആശുപത്രി. ദീപ് കുമാറും കുറച്ച് ആരോഗ്യ പ്രവര്‍ത്തകരും തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലുള്ള ആളുകളാണ്. ബി.ജെ.പി. നേതാവിന്റെ വീട്ടില്‍ കുഞ്ഞിനെ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലുമാണ് റാക്കറ്റിലേക്ക് അന്വേഷണം നീണ്ടത്' മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ആരോപണ വിധേയയായ നേതാവോ ബി.ജെ.പി. നേതൃത്വമോ തയ്യാറായിട്ടില്ല.