മിസ്ത്രിയുടെ മരണം: ബെൻസ് കാറിന്റെ ചിപ്പ് പരിശോധനക്കായി ജർമനിയിലേക്കയക്കും

Chip in Cyrus Mistry’s Mercedes Benz holds many answers, being sent to Germany
 

 
ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ അപകടമരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ മെഴ്‌സിഡസ് ബെൻസ് ജിഎൽസി വാഹനത്തിന്റെ ചിപ്പ് ജർമനിയിലേക്ക് അയക്കും. അന്വേഷണത്തിനാവശ്യമായ വിവരങ്ങൾ ഇതിൽനിന്ന് ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

ഏഴംഗ ഫൊറൻസിക് ടീം ആണ് സൈറസ് മിസ്ത്രിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അപകടത്തിൽ മരിച്ച രണ്ടുപേരും സീറ്റ്ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം അപകടം നടക്കുന്ന സമയത്ത് കാറിന്റെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
 
പാലം നിര്‍മാണത്തിലെ അപാകം അപകടത്തിലേക്ക് നയിച്ചു എന്ന നിഗമനത്തിലാണ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. പാലം നിർമ്മിച്ചിരിക്കുന്നത് അപകടകരമായ നിലയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കാറിന്‍റെ അമിതവേഗവും മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ കണക്കുകൂട്ടല്‍ തെറ്റിയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. അപകടത്തില്‍ മരിച്ച രണ്ടു പേരും സീറ്റ് ബെല്‍റ്റുകള്‍ ധരിച്ചിരുന്നില്ല. ചരോട്ടി ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഉച്ചയ്ക്ക് ശേഷം 2.21-നാണ് കാര്‍ ചെക്ക് പോസ്റ്റ് കടന്നത്. 2.30ന് 20 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഒമ്പത് മിനിറ്റിലാണ് കാര്‍ 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
  

അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്ക് വരുന്ന വഴി ഞായറാഴ്ച ഉച്ചക്ക് ശേഷം പാൽഘർ ജില്ലയിലെ ചറോട്ടി നാകയിൽവെച്ചായിരുന്നു അപകടമുണ്ടായത്. സൈറസ് മിസ്ത്രിയും കുടുംബ സുഹൃത്തുക്കളായ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. അനഹിത പൻഡോൾ, ഇവരുടെ ഭർത്താവും ജെ.എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി മാനേജിങ് ഡയറക്ടറുമായ ഡാരിയസ് പൻഡോൾ, ജഹാംഗീർ ബിൻഷാ പൻഡോൾ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതിൽ സൈറസ് മിസ്ത്രിയും ജഹാംഗീർ ബിൻഷാ പൻഡോളും അപകടസ്ഥലത്തു തന്നെ മരിച്ചു.