ഡൽഹി സർക്കാറിന്റെ പരിപാടി കേന്ദ്രം ഹൈജാക്ക് ചെയ്തെന്ന് പരാതി
Sun, 24 Jul 2022

ഡൽഹി: ഡൽഹി സർക്കാറിന്റെ ഔദ്യോഗിക പരിപാടി കേന്ദ്രസർക്കാർ ഹൈജാക്ക് ചെയ്യുന്നുവെന്ന് ആരോപണം. അസോള വന്യജീവി സങ്കേതത്തിൽ സംഘടിപ്പിക്കുന്ന വന മഹോത്സവത്തിന്റെ സമാപന വേദിയിൽ ശനിയാഴ്ച ഡൽഹി പൊലീസെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയുള്ള ബാനറുകൾ സ്ഥാപിച്ചെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
പരിപാടി അലങ്കോലമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് എത്തിയതെന്ന് ഗോപാൽ റായ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകളിൽ തൊടരുതെന്ന് പൊലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.