ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസ്: കാട്ടിൽനിന്ന് കിട്ടിയ എല്ലുകളും മുടിയും ശ്രദ്ധയുടേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്

sd
 

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ ഡിഎൻഎ ഫലം പുറത്ത്. ഡൽഹിയിലെ കാട്ടിൽനിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കൊല്ലപ്പെട്ട ശ്രദ്ധ വോൾക്കറുടേത് തന്നെയെന്ന് തെളിഞ്ഞു. 

ഗുഡ്ഗാവ്, മെഹ്‌റൗളി ഉൾപ്പെടുന്ന വനമേഖലയിൽനിന്നാണ് ശ്രദ്ധയുടെ എല്ലുകളും മുടിയും കണ്ടെത്തിയത്. ഡിഎൻഎ വേർതിരിച്ചെടുക്കാൻ കഴിയാത്ത നിലയിലായതിനാൽ ഡിഎൻഎ മൈറ്റോകോൺട്രിയൽ പ്രൊഫൈലിങ്ങിനായി ഹൈദരാബാദിലേക്ക് അയയ്ക്കുകയായിരുന്നു. ഇതു ശ്രദ്ധയുടെ പിതാവിന്റെയും സഹോദരന്റെയും സാംപിളുമായി പൊരുത്തപ്പെട്ടതായി ഡൽഹി സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹോഡ അറിയിച്ചു.


മെയ് 18-ാം തീയതിയാണ് ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍വെച്ച് മുംബൈ സ്വദേശിനിയായ ശ്രദ്ധയെ പങ്കാളിയായ അഫ്താബ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി 35 കഷണങ്ങളാക്കി. പുതിയ ഫ്രിഡ്ജ് വാങ്ങി മൃതദേഹാവശിഷ്ടങ്ങള്‍ ഫ്‌ളാറ്റില്‍ തന്നെ സൂക്ഷിച്ചു. തുടര്‍ന്ന് 18 ദിവസങ്ങള്‍ കൊണ്ടാണ് ഓരോ മൃതദേഹാവശിഷ്ടവും മെഹ്‌റൗളിയിലെ വനമേഖലയില്‍ ഉപേക്ഷിച്ചത്.

ഒക്ടോബറില്‍ മകളെക്കുറിച്ച് വിവരമൊന്നും ലഭ്യമില്ലാതായതോടെ പിതാവ് മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ ഞെട്ടിച്ച കൊലക്കേസിന്റെ ചുരുളഴിഞ്ഞത്. ശ്രദ്ധയെ കൊലപ്പെടുത്തിയെന്ന് വ്യക്തമായതിന് പിന്നാലെ അഫ്താബിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ തിഹാര്‍ ജയിലിലാണ് അഫ്താബ്.