പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ ഈജിപ്തിൽ

rajnath singh
 

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ ഈജിപ്തിലെത്തും. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക കരാറുകളിൽ ഒപ്പിടുമെന്നാണ് സൂചന. ഇജിപ്തിന്റെ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയുമായും പ്രതിരോധ മന്ത്രി ജനറൽ മുഹമ്മദ് അഹമ്മദ് സാക്കിയുമായിട്ടാണ് സുപ്രധാന ചർച്ചകൾ നടക്കുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

‘നാളെ കയ്‌റോയിൽ എത്തുകയാണ്. മൂന്ന് ദിവസത്തെ ഈജിപ്ത് സന്ദർശനം ഇന്ത്യയുടെ പ്രതിരോധ രംഗത്ത് പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സുഹൃദ് രാജ്യമായ ഈജിപ്തിന്റെ പ്രതിരോധ മന്ത്രി ജനറൽ മുഹമ്മദ് അഹമ്മദ് സാക്കിയുമായിട്ടുള്ള കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.’ രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ ഉന്നത തല സംഘം കഴിഞ്ഞ ജൂണിൽ ഈജിപ്തിൽ പ്രതിരോധ സെമിനാറിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി ഈജിപ്ത് സന്ദർശിച്ചിരുന്നു.