ഡൽഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു; കർശന പ്രതിരോധ നടപടികൾ

Delhi Air Pollution
 

ന്യൂഡൽഹി: ഡൽഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു. വായു മലിനീകരണം ഗുരുതരാവസ്ഥയിലെത്തിയ സാഹചര്യത്തിൽ കർശന പ്രതിരോധ നടപടികളുമായി വായു നിലവാര മാനേജ്മെന്റ് കമ്മിഷൻ രംഗത്തെത്തി. 

ഡൽഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശനം വിലക്കിയിട്ടുണ്ട്.  അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നാലുചക്ര വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതു തടയണമെന്നും നിർദേശിച്ചിട്ടുണ്ട്. വായു മലിനീകരണം ഗുരുതരാവസ്ഥയിലെത്തുമ്പോൾ നടപ്പാക്കേണ്ട നാലാംഘട്ട പ്രതിരോധ നടപടികളാണു പ്രഖ്യാപിച്ചിരിക്കുന്നത്.

നിർദേശങ്ങൾ ഇങ്ങനെ

∙ അവശ്യ വസ്തുക്കളുമായി എത്തുന്നവ അല്ലാത്ത എല്ലാ ട്രക്കുകൾക്കും നഗരത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്.
∙ ഡൽഹിയിൽ റജിസ്റ്റർ ചെയ്ത ഡീസൽ ഉപയോഗിക്കുന്ന മീഡിയം ഗുഡ്സ് വെഹിക്കിൾ, ഹെവി ഗുഡ്സ് വെഹിക്കിൾ എന്നിവയ്ക്കു വിലക്ക്.
∙ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡീസൽ കാറുകളും മറ്റും നഗരത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്. ബിഎസ് 6 നിലവാരത്തിലുള്ള വാഹനങ്ങൾക്കു വിലക്കില്ല
∙ ദേശീയ തലസ്ഥാന മേഖലയിലെ എല്ലാ വ്യവസായ കേന്ദ്രങ്ങൾക്കും പ്രവർത്തന വിലക്ക്. പിഎൻജി ഇന്ധനം ലഭ്യമല്ലാത്ത സ്ഥലമാണെങ്കിൽ പോലും വിലക്കു ബാധകം. പാൽ, മരുന്ന്, ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കു വിലക്കു ബാധകമല്ല.
∙ ഹൈവേ, റോഡ്, മേൽപാലം തുടങ്ങിയ എല്ലാത്തരം നിർമാണപ്രവർത്തനങ്ങൾക്കും വിലക്ക്.

വായുമലിനീകരണം രൂക്ഷമായതിനാൽ ശനിയാഴ്ച മുതൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ, ക്ലാസിന് പുറത്തുള്ള പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും കേജ്‌രിവാൾ വ്യക്തമാക്കി.