ഹണിട്രാപ്പ്; വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ ചാരക്കേസില്‍ അറസ്റ്റില്‍

ഹണിട്രാപ്പ്; വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ ചാരക്കേസില്‍ അറസ്റ്റില്‍
 

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ ചാരക്കേസില്‍ അറസ്റ്റില്‍. ജവഹര്‍ലാല്‍ നെഹ്‌റു ഭവനില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഹണി ട്രാപ്പില്‍ അകപ്പെട്ട ഡ്രൈവര്‍ പാകിസ്താനി വനിതയ്ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്നാണ് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 

പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയാണ് ഡ്രൈവറെ ഹണി ട്രാപ്പ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇന്ന് രാവിലെയാണ് ഡ്രൈവര്‍ ശ്രീകൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശകാര്യമന്ത്രാലയത്തിലെ മള്‍ട്ടിടാസ്‌കിങ് വിഭാഗത്തിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. പൂനം ശര്‍മ്മ എന്നുപേരുള്ള പാക് വനിതയുമായി ഇയാള്‍ക്ക് ബന്ധമുണ്ട് എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ രഹസ്യരേഖകള്‍ കൈമാറിയതായി കണ്ടെത്തിയത്.

എംഇഎയിൽ ജോലി ചെയ്യുന്ന കൂടുതൽ ജീവനക്കാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചു.

ഈ വർഷം ഓഗസ്റ്റിൽ പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് 46കാരനെ ഡൽഹിയിൽ നിന്ന് രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2016ലാണ് ഇയാൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്.