നോട്ട് നിരോധനം ആര്‍ബിഐയുടെ നിര്‍ദ്ദേശപ്രകാരം പാര്‍ലമെന്‍റിന്‍റെ അംഗീകാരത്തോടെ; സുപ്രിംകോടതിയിൽ കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം

Demonetisation with the approval of Parliament as per RBI s instructions-Central govt affidavit
 

ന്യൂഡൽഹി: ആറുവർഷം മുമ്പ് നോട്ട് നിരോധിച്ചതിനെ ശക്തമായി ന്യായീകരിച്ച് കേന്ദ്രസർക്കാർ. നടപടിക്കെതിരെയുള്ള കേസുകൾ പരിഗണിക്കവേ സുപ്രിംകോടതിയിലാണ് കേന്ദ്രത്തിന്റെ ന്യായീകരണം. കള്ളപ്പണം ഇല്ലാതെയാക്കാനുള്ള തുടർച്ചയായ നടപടിയുടെ ഭാഗമായിരുന്നു നിരോധനമെന്നും നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റൽ പണമിടപാട് കൂട്ടാനുമുള്ള ശ്രമമായിരുന്നിതെന്നും സർക്കാർ പറഞ്ഞു. റിസർവ് ബാങ്കിന്റെ ശിപാർശ അനുസരിച്ചാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും പാർലമെന്റ് നൽകിയ അധികാരമാണ് വിനിയോഗിച്ചതെന്നും വ്യക്തമാക്കി.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍സത്യവാങ്ങ് മൂലം സമര്‍പ്പിച്ചത്. നോട്ട് നിരോധനത്തിന് ശേഷം ആറ് വർഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറൻസി നോട്ടുകൾ വർദ്ധിച്ചെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്. 
  
മുൻപ് നോട്ട് നിരോധിച്ച നടപടികൾ വ്യത്യസ്ത പശ്ചാത്തലത്തിലായിരുന്നുവെന്നും കേന്ദ്രത്തിൻ്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. നോട്ട് നിരോധനം സർക്കാരിന്‍റെ ഒറ്റപ്പട്ട സാമ്പത്തിക നയമല്ലെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമാണ് നോട്ട് നിരോധനമെന്നും കേന്ദ്രം വിശദീകരിച്ചു. നോട്ട് നിരോധനത്തിനെതിരായ ഹർജി നിലവിൽ ഭരണഘടന ബെഞ്ചിൻ്റെ പരിഗണനയിലാണ്.  
  
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സര്‍ക്കാര്‍ സമയം നീട്ടി ചോദിച്ചിരുന്നു. എന്നാല്‍, ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ബി.വി നാഗരത്ന ഒരു ഭരണഘടന ബെഞ്ച് ഈ കാരണത്താൽ ഇങ്ങനെ കേസ് മാറ്റിവെക്കാറില്ലെന്നും ഇത് ലജ്ജകരമായ നടപടിയാണെന്നും പറഞ്ഞു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.ഒടുവില്‍, കേന്ദ്രത്തിൻ്റെ ആവശ്യം പരിഗണിച്ച് കേസ് നവംബർ 24 -ലേക്ക് മാറ്റി.