ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു ;പൊതുവഴിയിൽ കുഞ്ഞിനെ പ്രസവിച്ച് യുവതി

thirupathi
 

ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സമീപമുള്ള പൊതുവഴിയിൽ കുഞ്ഞിനെ പ്രസവിച്ച് യുവതി. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലുള്ള മെറ്റേണിറ്റി ആശുപത്രിക്ക് മുൻപിൽ ആണ് സംഭവം. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ യുവതി തനിച്ചു വന്നു എന്ന കാരണത്താൽ ആശുപത്രി അധികൃതർ തിരിച്ചയയ്ക്കുകയായിരുന്നു. 

ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയശേഷം പ്രസവ വേദന കഠിനമായതിനെത്തുടർന്ന് യുവതി നിലവിളിക്കുകയായിരുന്നു. മറ്റൊരിടത്തേക്ക് നീങ്ങാനാകാതെ വഴിയിൽതന്നെ കിടന്നു. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ ചില സ്ത്രീകൾ ബെഡ്ഷീറ്റ് ഉപയോഗിച്ച് അവരെ മറച്ചുപിടിച്ചു. ഒരു പുരുഷനും ഇവരെ സഹായിക്കാനെത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ഇദ്ദേഹമാണ് കുഞ്ഞിനെ പുറത്തെടുക്കാൻ സഹായിച്ചത്.സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പ്രസവം നടന്നശേഷം അമ്മയെയും കുഞ്ഞിനെയും അതേ ആശുപത്രിയിൽതന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. യുവതി മുൻപ് ഇതേ ആശുപത്രിയിൽ ചികിത്സ തേടാതിരുന്നത് മൂലം അവരുടെ അവസ്ഥയെപ്പറ്റി കൃത്യമായി അറിയില്ലായിരുന്നു എന്നതാണ് ആശുപത്രിയുടെ അധികൃതരുടെ വാദം.