ചരിത്ര വിജയം; ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി

google news
murmu
 

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ, ആകെയുള്ള 3219 വോട്ടുകളിൽ മുർമുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം – 2.61.062) ലഭിച്ചു. 

മുഴുവൻ സംസ്ഥാനങ്ങളിലെയും വോട്ടുകൾ എണ്ണിത്തീർന്നതിനുശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. തുടര്‍ന്ന് വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദി വിജയിക്കു സര്‍ട്ടിഫിക്കറ്റ് കൈമാറും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തുടങ്ങിയവര്‍ ദ്രൗപദിയെ അഭിനന്ദിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തിയാണ് അഭിനന്ദനം അറിയിച്ചത്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും മോദിക്കൊപ്പമുണ്ടായിരുന്നു.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്‌രംഗ്പുരിയില്‍നിന്നുള്ള സന്താള്‍ ഗോത്രവംശജയായ ദ്രൗപദിയുടെ വിജയം ഇന്ത്യയ്ക്ക് ചരിത്രനിമിഷം കൂടിയാണ്. രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ് അവര്‍. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപദിക്ക് മറ്റ് ചില പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു.

എം.പിമാരും എം.എല്‍.എമാരും അടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്വോട്ടെണ്ണലിന്റെ ഘട്ടങ്ങളിലെല്ലാം ദ്രൗപദിക്ക് തന്നെയായിരുന്നു ആധിപത്യം. എം.പിമാര്‍ പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറിലും നിയമസഭാംഗങ്ങള്‍ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറിലുമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. നിലവിലെ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും.

Tags