വിമാനയാത്രക്കിടെ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച് സഹയാത്രികന്റെ അതിക്രമം

air india
 

ന്യൂ ഡല്‍ഹി:  വിമാനയാത്രക്കിടെ സഹയാത്രികന്‍ ദേഹത്ത് മൂത്രമൊഴിച്ചതായി യാത്രക്കാരിയുടെ പരാതി. നവംബറില്‍ ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. 

യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 70 വയസ്സിനടുത്ത് പ്രായം വരുന്ന സ്ത്രീ യാത്രക്കാരിയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. സഹയാത്രികന്‍ തന്റെ സീറ്റിനടുത്തേക്ക് നടന്ന് വരികയും ദേഹത്തേക്ക് മൂത്രം ഒഴിക്കുകയും ആയിരുന്നുവെന്നും തന്റെ
വസ്ത്രത്തിലും ഷൂസിലും ബാഗിലും മൂത്രമായിയെന്നും യാത്രക്കാരി പറയുന്നു. താന്‍ ശബ്ദമുണ്ടാക്കിയതിന് പിന്നാലെയാണ് ഇയാള്‍ സീറ്റിനടുത്ത് നിന്ന് മാറാന്‍ പോലും തയ്യാറായതെന്നും പരാതിക്കാരി വെളിപ്പെടുത്തി. എന്നാല്‍ ക്യാബിന്‍ ക്രൂവിന് പരാതി നല്‍കിയെങ്കിലും മോശമായി പെരുമാറിയ ആള്‍ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം മറ്റൊന്നും സംഭവിക്കാതെ പുറത്ത് പോയെന്നും പരാതിക്കാരി പറയുന്നു. 


സംഭവത്തില്‍ എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. ബിസിനസ് ക്ലാസ് യാത്രക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. 

അതേസമയം, പൊലീസിന് പരാതി കൈമാറിയെന്നും വ്യദ്ധയ്ക്ക് വേണ്ട സഹായം നല്‍കിയിരുന്നുവെന്നുമാണ് എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്റെ വിശദീകരണം. സംഭവത്തില്‍ എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണം നടത്തിയെന്നും, യാത്രക്കാരനെ നോ ഫ്‌ലൈ പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നും എയര്‍ ഇന്ത്യ പ്രതികരിച്ചു.