
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ ഡല്‍ഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസ് എൻഫോഴ്സ്മെന്റ് വിഭാഗം സീൽ ചെയ്തു. ഈ ഓഫീസ് ഇനി തുറക്കാൻ എൻഫോഴ്സ്മെന്റിന്റെ അനുമതി നിര്‍ബന്ധമാകും.
നേരത്തെ പാഞ്ച്കൂളയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ 64 കോടിയോളം രൂപയുടെ വസ്തു വകകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിശോധനകളുടെ ഭാഗമായാണ് ഇന്നലെയും ഡല്‍ഹിയിലെ ആസ്ഥാനത്തടക്കം 12 ഇടങ്ങളില്‍ റെയ്ഡ് നടത്തിയ്ത്. ഇന്നുച്ചയോടെയാണ് ഓഫിസ് സീല്‍ ചെയ്തത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗത്തും കോൺഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവച്ച നാഷണൽ ഹെറാൾഡ് ദിനപ്പത്രത്തെ പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം അഴിമതിയോട് ചേര്‍ത്ത് വായിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ കെട്ടുകഥയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.