ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് മാറ്റാൻ ശ്രമം; ക്രൂഡ് മോഷണം ആരോപണങ്ങളാവർത്തിച്ച് നൈജീരിയ

Efforts to transfer sailors detained in Guinea to Nigeria
 

കൊച്ചി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് മാറ്റാൻ ശ്രമമെന്ന് ബന്ധുക്കൾ. ജയിലിലേക്ക് മാറ്റിയ മുഴുവൻ നാവികരെയും കപ്പലിൽ തിരിച്ചെത്തിച്ചു. ഗിനിയ വിട്ടാൽ നാടുമായി ബന്ധപ്പെടാനാകില്ലെന്ന് നാവികൻ സനു ജോസിന്റെ പുതിയ വീഡിയോ സന്ദേശം പുറത്തുവന്നു. 

കപ്പൽ കെട്ടിവലിച്ചുകൊണ്ടുപോകാൻ നീക്കമെന്നാണ് വീഡിയോ സന്ദേശത്തിലുള്ളത്. നാവികരുടെ മോചനത്തിനായി സർക്കാർ എത്രയും വേഗത്തിൽ ഇടപെടണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. നൈജീയയിലേക്ക് കൈമാറിയാൽ ഇവരുടെ മോചനം അസാധ്യമാകുമോ എന്ന ഭയത്തിലാണ് ബന്ധുക്കൾ.

അതേസമയം, ഹീറോയിക് ഇഡുൻ കപ്പൽ തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ചതായി ആവർത്തിച്ച് നൈജീരിയ. കപ്പലിലെ  ജീവനക്കാർ ക്രൂഡ് മോഷ്ടിക്കാൻ ശ്രമിച്ചതായും നൈജീരിയ ആരോപിച്ചു. നൈജീരിയയുടെ അടുത്ത രാജ്യമായ എക്വറ്റോറിയൽ ഗിനിയാണ് കപ്പൽ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കപ്പലിലെ ജീവനക്കാരെ നൈജീരിയക്ക് കൈമാറുമെന്നാണ് ഗിനി സർക്കാരിന്റെ പ്രഖ്യാപനം. നയതന്ത്രതലത്തിലെ ശ്രമങ്ങൾക്കൊപ്പം തന്നെ ജീവനക്കാരുടെ മോചനത്തിനായി നിയമപരമായും നീക്കങ്ങളും നടക്കുമ്പോഴാണ് പുതിയ സംഭവ വികാസങ്ങളുണ്ടാകുന്നത്. 
  

കപ്പൽ നിയമപരമായാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ നൈജീരിയക്ക് നൽകിയിട്ടുണ്ട്. നോർവെയിലുള്ള കപ്പൽ കമ്പനി നിയമപരമായും കൈമാറ്റം തടയാനുള്ള നീക്കം നടത്തുന്നുണ്ട്. കപ്പൽ ജീവനക്കാരെ അനധികൃതമായി ബന്ദികളാക്കിയത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൈജീരിയയിലെ ഫെഡറൽ കോടതിയെ കമ്പനി സമീപിച്ചിട്ടുണ്ട്. കടലിലെ തർക്കങ്ങൾ പരിഗണിക്കുന്ന ജർമനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയും ഉടൻ കമ്പനി സമീപിക്കും. കൂടുതൽ നിയമനടപടിയിലേക്ക് പോകുന്നതിനിടെയാണ് ജീവനക്കാരെ സൈന്യം തടവ് കേന്ദ്രത്തിൽ നിന്നും മാറ്റുന്നത്. 

തടവിൽ ഉള്ള ഇന്ത്യക്കാരടക്കമുള്ള എല്ലാ ജീവനക്കാരുടെയും പാസ്പോർട്ട്  എക്വറ്റോറിയൽ ഗിനി സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീധനപ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്. അതിനിടെ കപ്പൽ ജീവനക്കാരുടെ മോചനത്തിന് സർക്കാർ അടിയന്തര ഇടപെടൽ വേണമെന്ന് നാഷണർ യൂണിയൻ ഓഫ് സീഫെറേർസ് ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടു. 


സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിലായിരുന്നു ഓഗസ്റ്റ് 9 നാണ് മൂന്ന് മലയാളികൾ ഉൾപ്പെടുന്ന 26 നാവികരെ നൈജീരിയ തടവിലാക്കിയത്.