'സേവ' സ്ഥാപക ഇള ഭട്ട് അന്തരിച്ചു

'സേവ' സ്ഥാപക ഇള ഭട്ട് അന്തരിച്ചു
 


അഹമ്മദാബാദ്: പ്രശസ്ത സ്ത്രീശാക്തീകരണ പ്രവര്‍ത്തകയും അഭിഭാഷകയുമായ ഇള ഭട്ട് അന്തരിച്ചു. പത്മഭൂഷൻ ജേതാവാണ്. 89 വയസായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയാണ്. അഹമ്മദാബാദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം.

ഇന്ത്യയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടി സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസ്സോസിയേഷൻ (SEWA) എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് ഇള ബെൻ എന്നറിയപ്പെടുന്ന ഇള ഭട്ട്. ഗാന്ധിയന്‍ ചിന്തകളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ഇള സബര്‍മതി ആശ്രം പ്രിസര്‍വേഷന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിമൻസ് വേൾഡ് ബാങ്കിങ്ങിന്റെ സ്ഥാപകരിൽ ഒരാളാണ്. 1996ലെ വീട്ടുജോലി സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷൻ വീട്ടിലിരുന്നു ജോലിചെയ്യുന്നവരുടെ അവകാശങ്ങളും സംഭാവനകളും അംഗീകരിക്കാൻ പ്രധാനകാരണം ഇളയുടെ ഇടപെടലായിരുന്നു. സ്ത്രീകൾ നിയമരംഗത്തേക്ക് കടന്നുവരാതിരുന്ന 1950കളിലാണ് ഇള നിയമ ബിരുദം നേടിയത്.

പ്രാദേശിക തുണിമില്ലുകളിലെ തൊഴിലാളി സംഘടനകളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു ഇളയുടെ പ്രവർത്തനം. സ്ത്രീകൾ വീട്ടിലിരുന്ന് ചെയ്യുന്ന ജോലികളുടെ വിവരങ്ങൾ ശേഖരിക്കണമെന്നും വിലയിരുത്തണമെന്നും ഇള ഗവേഷകരെ ബോധ്യപ്പെടുത്തി.
 

സൗമ്യയായ വിപ്ലവകാരിയെന്നറിയപ്പെട്ട ഇള സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചു. ആഗോള സംഘടനയായ ദ എല്‍ഡേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളിലും ഇള പങ്കാളിയായിരുന്നു. 

അഞ്ചു ദശകം മുമ്പ് അവർ തുടങ്ങിവെച്ച സേവ ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതമാണ് മാറ്റിമറിച്ചത്.   പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, ജയറാം രമേശ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ ഇള ഭട്ടിന്റെ മരണത്തില്‍ അനുശോചിച്ചു.