ത്രിപുരയടക്കം മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ്

election
 

 ന്യൂ ഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16ന് ത്രിപുരയിലും ഫെബ്രുവരി 27ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2നാകും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.

അതേസമയം, ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പും നടക്കും. ഫെബ്രുവരി 27 നാകും തെരഞ്ഞെടുപ്പ് നടക്കുക. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. 9,125 പോളിങ് സ്റ്റേഷനുകളും തയ്യാറാക്കും. ഇവയില്‍ 70% പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടര്‍ ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാം.