ലളിത് മോദിക്ക് രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണ കോവിഡ്; 24 മണിക്കൂർ ഓക്സിജൻ സഹായം

f
 

ലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മുൻ ചെയർമാൻ ലളിത് മോദി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ. ലളിത് മോദി തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ കോവിഡ് ബാധിച്ചെന്നും അത് ന്യുമോണിയയായി മാറിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും ഓക്സിജന്റെ സഹായം ആവശ്യമായ അവസ്ഥയാണ്.

മെക്‌സിക്കോ സിറ്റിയിൽ വച്ചാണ് മോദിക്ക് രോഗം ബാധിച്ചത്. പിന്നാലെ ലണ്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

മൂന്നാഴ്ചയോളം രോഗവുമായി മല്ലിട്ടു. ഒടുവിൽ എയർ ആംബുലൻസിൽ ലണ്ടനിൽ തിരിച്ചെത്തി. നിർഭാഗ്യവശാൽ ഇപ്പോഴും 24 മണിക്കൂറും ഓക്സിജന്റെ പിന്തുണയോടെയാണ് കഴിയുന്നത്. എല്ലാവർക്കും സ്നേഹം-എന്നായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്.  

മൂന്ന് ആഴ്ചത്തെ ജയിൽവാസത്തിനു ശേഷമാണ് താൻ മെക്സിക്കോയിൽനിന്ന് ലണ്ടനിൽ എത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ലണ്ടനിൽ താമസിക്കുന്ന മോദിയെ 2010ൽ ബി.സി.സി.ഐയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.